കൊച്ചി: നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ നടൻ ദിലീപിന് അനുകൂലമായി സ്വീകരിച്ച നടപടിയുടെ പേരിൽ ഏറെ പഴികേൾക്കേണ്ടിവന്നത് മലയാള സിനിമാ സംഘടനയായ 'അമ്മ'യ്‌ക്കും അതിന്റെ ഭാരവാഹികൾക്കുമായിരുന്നു. പിന്നീട് മോഹൻലാലിന്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടപ്പോഴും ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത് ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു.
ഇപ്പോഴിതാ 'അമ്മ'യ്‌ക്ക് പുതിയ തലവേദന സൃഷ്‌ടിച്ചിരിക്കുകയാണ് മുകേഷിന് നേരെ ഉയർന്നിരിക്കുന്ന മീ ടൂ വിവാദം. ഇക്കാര്യത്തിൽ അമ്മ ഇനിയെന്ത് തീരുമാനമെടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ദിലീപ് വിഷയത്തിൽ അമ്മ സ്വീകരിച്ച നിസംഗതയെ തുടർന്നാണ് സിനിമയിലെ വനിതാ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വിമെൻ ഇൻ സിനിമാ കളക്‌ടീവ് എന്ന സംഘടന രൂപം കൊണ്ടത്. ദിലീപിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിമെൻ ഇൻ സിനിമാ കളക്‌ടീവ് നൽകിയ കത്തിൽ അമ്മ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. മുകേഷ് വിഷയത്തിൽ ഡബ്ള്‌യു.സി.സിയുടെ നിലപാടും നിർണായകമാണ്.
മുംബയ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാസ്‌റ്റിംഗ് ഡയറക്‌ടർ ടെസ് ജോസഫാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയ വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. 19 വർഷം മുമ്പ് കോടീശ്വരൻ എന്ന ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയതെന്ന് ടെസ പറയുന്നത്. അന്ന് മുകേഷ് താമസിച്ചിരുന്ന ഹോട്ടൽ റൂമിനടുത്തേക്ക് തന്നോട് താമസം മാറാൻ ആവശ്യപ്പെട്ടിരുന്നതായും, പലതവണ ആവശ്യപ്പെട്ടതിനെ തുടർന്ന് അന്നത്തെ തന്റെ ചാനൽമേധാവിയായ ഡെറക് ഒബ്‌റമിനോട് പറഞ്ഞിരുന്നുവെന്നും, ഒരുമണിക്കൂറോളം ഇത് ചർച്ച ചെയ്‌തുവെന്നും ടെസ് ആരോപിക്കുന്നു.തുടർന്ന് അവിടെ നിന്നും തൊട്ടടുത്ത ഫ്ളൈറ്റിൽ തന്നെ നാട്ടിലേക്ക് തിരിക്കാൻ ഡെറക് തന്നെ സഹായിച്ചുവെന്നും ടെസ് പറയുന്നു.
ഹോളിവുഡിൽ ഉയർന്ന മീ ടു വിവാദം ഇന്ത്യയിൽ, തെന്നിന്ത്യൻ സിനിമയിലാണ് ആദ്യം തലപൊക്കിയത്. പിന്നീട് ബോളിവുഡിലേക്കും ഇത് വ്യാപിക്കുകയായിരുന്നു. ഏറ്റവും ഒടുവിലായി ബോളിവുഡ് താരം തനുശ്രീ ദത്തയാണ് വിവാദവുമായി രംഗത്തെത്തിയത്. നടൻ നാനപടേക്കർക്കെതിരെയായിരുന്നു തനുശ്രീയുടെ ആരോപണം. മലയാള സിനിമയിൽ ഇതുവരെ മീ ടു വിവാദം ആരോപിക്കപ്പെട്ടിരുന്നില്ല. മുകേഷിനെതിരായ ആരോപണത്തോടു കൂടി മോളിവുഡിനെയും 'മീ ടു' ഗ്രസിച്ചിരിക്കുകയാണ്.