high-court

കൊച്ചി: സാലറി ചലഞ്ച് പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുന്നതിന് എതിർപ്പുള്ളവർ വിസമ്മതപത്രം നൽകണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിസമ്മതപത്രം വാങ്ങുന്നത് ജീവനക്കാരുടെ ആത്മാഭിമാനത്തിന് മുറിവേൽപിക്കുമെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

സാലറി ചലഞ്ചിന്റെ പേരിൽ നിർബന്ധിത പിരിവ് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. വിഷയത്തിൽ സർക്കാരിന് നിർബന്ധബുദ്ധിയാണ്. ഇക്കാര്യം പ്രഥമ ദൃഷ്ട്യാ ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഒരു മാസത്തെ ശമ്പളം വേണമെന്ന ആവശ്യം നിർബന്ധിത പിരിവിനു സമാനമാണ്. പണമുണ്ടായിട്ടും മന:പൂർവം സംഭാവന നൽകാത്തവരെ എങ്ങനെ തിരിച്ചറിയുമെന്നും കോടതി ചോദിച്ചു.  

ജീവനക്കാരുടെ സാന്പത്തിക പ്രയാസങ്ങൾ കൂടി കണക്കിലെടുത്ത് വേണം സർക്കാർ സാലറി ചലഞ്ച് നടത്തേണ്ടത്. പല ജീവനക്കാരും സാലറി ചലഞ്ചിന് വിസമ്മതിക്കുന്നത് തങ്ങളുടെ സാന്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്തായിരിക്കും. അത്തരക്കാരെ നിർബന്ധിക്കുന്നത് ശരിയായ രീതിയല്ല. സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവരുടെ പേരുകൾ പുറത്ത് വിടുന്നതോ മറ്റേതെങ്കിലും തരത്തിൽ അവരുടെ വിവരങ്ങൾ പുറത്ത് വിടുന്നതോ ജീവനക്കാരുടെ ആത്മാഭിമാനത്തെ മുറിവേൽപിക്കുന്നതാണെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. ജീവനക്കാർ കൊടുക്കാൻ ഉദ്ദേശിക്കുന്നത് നൽകട്ടെ. നിശ്ചിത തുക വേണമെന്നു പറയുന്നതു ശരിയല്ലെന്നും കോടതി പറഞ്ഞു.