novel

ആദ്യം ഞെട്ടിയുണർന്നത് വാസുദേവനാണ്.
അയാൾക്കു വേണ്ടി മാത്രമാണ് ആ വീട്ടിൽ ഇന്നും ലാന്റ് ഫോൺ വച്ചിരിക്കുന്നത്.
സെൽഫോൺ അയാൾക്ക് അത്രപിടുത്തമല്ല.

വാസുദേവൻ കൈ നീട്ടി ബെഡ്റൂം ലാംപ് തെളിച്ചു. പിന്നെ സമീപത്ത് ഉറങ്ങിക്കിടക്കുന്ന ഭാര്യയെ ഒന്നു നോക്കി.
മാലിനി ഇതൊന്നും അറിഞ്ഞിട്ടില്ല.
അയാൾ ബെഡ്ഡിൽ നിന്നിറങ്ങി മുണ്ടൊന്ന് അഴിച്ചുടുത്തപ്പോഴേക്കും ബെൽ ശബ്ദം നിലച്ചു.

വീണ്ടും കിടന്നാലോ എന്നു ചിന്തിക്കുമ്പോൾ ഫോൺ തുടർന്നു ശബ്ദിച്ചു.
ഈ അർധരാത്രിയിൽ വിളിക്കണമെങ്കിൽ തക്കതായ കാര്യം കാണും.
വാസുദേവൻ ഹാളിലേക്കു പെട്ടെന്ന് നടന്നു.അവിടെയാണ് ഫോണിരിക്കുന്നത്.
അയാൾ ചെന്നു റിസീവർ എടുത്തു.

\'\'ഹലോ..\'
\'\'പത്രക്കാരൻ വാസുദേവന്റെ വീടല്ലേ?\'
ആ ചോദ്യം ഇഷ്ടപ്പെട്ടില്ലെങ്കിലും അയാൾ പറഞ്ഞു:
\'\'അതെ നിങ്ങളാരാ?\'
\'\'പറയാം. അതിനു മുൻപ് നാലുകോളത്തിൽ അച്ചടിക്കാവുന്ന ഒരു ഗംഭീര വാർത്ത തരാനാ വിളിച്ചത്.\'

ആ പരുപരുത്ത ശബ്ദം തുടർന്നു.
\'\'മറ്റാർക്കും കിട്ടാത്ത ന്യൂസ്.\'
വാസുദേവനിലെ പത്രക്കാരൻ ഉണർന്നു.
\'\'പറയൂ....\'

\'\'നിങ്ങളുടെ മകൻ പഠിച്ചിരുന്ന കോളേജിലാണു സംഭവം.\'
വാസുദേവൻ ഒന്നു ഞെട്ടി. അവൻ കോളേജിൽ പോയിരിക്കുകയാണ്.!
\'\'നിങ്ങൾ കാര്യം പറയൂ..\'

\'\'അവിടെ ഒരു ചെറിയ സംഘർഷം. ഇരു വിഭാഗം വിദ്യാർത്ഥികൾ തമ്മിൽ... ഒരാൾ തീർന്നെന്നാ തോന്നുന്നത്. അത് നിങ്ങളുടെ മകനാണോ എന്ന് ഞാൻ സംശയിക്കുന്നു...\'
വാസുദേവന്റെ തലച്ചോറിൽ ഒരു വെള്ളിടി വെട്ടി. \'\'നിങ്ങളാരെന്നു പറയൂ... എന്താ ശരിക്കും ഉണ്ടായതെന്നും?\'
അപ്പുറത്ത് അടക്കിയ ചിരി കേട്ടു.

\'\'പഴുത്തളിഞ്ഞ ചക്ക വരിക്കയാണോ കൂഴയാണോ എന്നറിഞ്ഞിട്ട് എന്തു പ്രയോജനം? നേരിൽ പോയി അന്വേഷിക്ക്.\'
അപ്പുറത്ത് ഫോൺ കട്ടായി.

റിസീവറും പിടിച്ചുകൊണ്ട് അങ്ങനെതന്നെ നിന്നുപോയി വാസുദേവൻ.
ഭാര്യയെയും മക്കളെയും വിളിക്കണമെന്നുണ്ട് അയാൾക്ക്. പക്ഷേ നാവനങ്ങുന്നില്ല...
അവസാനം...

അല്പം കഴിഞ്ഞപ്പോൾ അയാളുടെ കയ്യിൽ നിന്ന് റിസീവർ വഴുതി.
ഒപ്പം ഒരലർച്ചയും...
\'\'എന്റെ മോനേ...\'

ആ ശബ്ദം കേട്ട് വിജയ ഉണർന്നു. മാലിനി ഉണർന്നു. അനൂപ് ഉണർന്നു.
മൂവരും ഏതാണ്ട് ഒരേ നേരത്ത് ഹാളിൽ ഓടിയെത്തി.
\'\'എന്താ അച്ഛാ?\' വിജയയാണ് ആദ്യം തിരക്കിയത്...
തലയിൽ കൈവച്ചുകൊണ്ട് വാസുദേവൻ സെറ്റിയിലേക്കു വീണു.

\'\'സത്യൻ..\'
എന്റെ കുഞ്ഞിന് എന്തുപറ്റി?\'
നെഞ്ചത്തടിച്ചുകൊണ്ട് മാലിനിയുടെ വിലാപം...

പക്ഷേ വിശദീകരിക്കാൻ ആവുന്നില്ല വാസുദേവന്. അയാൾ ആംഗ്യം കാട്ടി.
\'\'ചെല്ല് മക്കളേ.. കോളേജിൽ.... വേഗം...\'
അനൂപ് ബൈക്കിന്റെ കീയുമായി പുറത്തേക്കു പാഞ്ഞു. അതിനിടെ വിജയയോടു പറഞ്ഞു:
\'\'വേഗം വാടീ...\'

അനൂപ് ബുള്ളറ്റ് ബൈക്ക് സ്റ്റാർട്ടു ചെയ്തപ്പോഴേക്കും തന്റെ ഫോണുമെടുത്ത് വിജയയും ഓടിയെത്തി പിന്നിൽ കയറി.
വെടിയുണ്ട വേഗത്തിൽ ബൈക്കു പാഞ്ഞു. അതിന്റെ \'ജെറ്റ്\' സൈലൻസറിന്റെ ശബ്ദം രാത്രിയുടെ നിശ്ശബ്ദതയിൽ വെടിമുഴക്കം തീർത്തു.
ബൈക്കിൽ ഇരുന്നുകൊണ്ട് വിജയ, സി.ഐ അലക്സ് എബ്രഹാമിനെ വിളിച്ചു വിവരം പറഞ്ഞു.

കയറ്റം കയറി കോളേജിലേക്ക് എത്തുമ്പോഴേ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ അനൂപ് കണ്ടു....
കോളേജിലേക്ക് ഓടുന്ന കുറേപ്പേർ...
അവരെ കടന്ന് ബൈക്ക് മുന്നിലെത്തി. തുറന്നു കിടന്നിരുന്ന ഗേറ്റിനപ്പുറം നിർത്തിയതേ വിജയ ചാടിയിറങ്ങി.
തെല്ലകലെ ചെറിയൊരു ആൾക്കൂട്ടം. കൂടുതലും പരിസരവാസികൾ.

അവിടേക്ക് ഓടുന്നതിനിടയിൽ വിജയ കണ്ടു....
തകർത്തിട്ടിരിക്കുന്ന ബാനറുകളും പോസ്റ്ററുകളും...
വട്ടംകൂടി നിന്ന ആളുകളെ തള്ളിമാറ്റി വിജയ അകത്തേക്കു കയറി...

ആരോ ടോർച്ചു തെളിച്ച വെളിച്ചത്തിൽ അവളും നോക്കി.
തലച്ചോറിൽ ഒരു മിന്നൽ...
\'\'മോനേ സത്യാ..\'
വിജയ പിന്നോട്ടു മറിഞ്ഞു...
വിലാപം മുറിഞ്ഞു. (തുടരും)