തിരുവനന്തപുരം: ഇരുചക്രവാഹന യാത്രികരുടെ ജീവന് ഭീഷണി ഉയർത്തുകയാണ് ഇൗഞ്ചക്കൽ-അട്ടക്കുളങ്ങര ബൈപ്പാസിൽ തെക്കേകോട്ട ജംഗ്ഷനിലെ കുഴി. മാൻഹോളിനോട് ചേർന്ന് രൂപംകൊണ്ട വലിയ കുഴി കഴിഞ്ഞ രണ്ട് മാസമായി അതേ നിലയിൽ തുടരുകയാണ്.
അറ്റകുറ്റപ്പണിനടത്തി പൂർവസ്ഥിതിയിൽ ആക്കിയാലും വീണ്ടും കുഴിരൂപപ്പെടും. മാൻഹോളിന്റെ പൈപ്പിനു സമീപത്തെ മണ്ണ് ചോർന്ന് പോകുന്നതാണ് ഇതിന് കാരണം. പ്രശ്നത്തിന് ഇതുവരെ ശാശ്വത പരിഹാരമായിട്ടില്ല.പ്രധാന ജംഗ്ഷൻ ആയതിനാൽ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇരുചക്രവാഹന യാത്രികരാണ് അപകടത്തിൽപെടുന്നതിൽ ഭൂരിഭാഗവും. രാത്രികാലങ്ങളിലാണ് അപകടം കൂടുതലും. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് കുഴിയിൽ വീണ് പരിക്കേറ്റിട്ടുണ്ട്.
അപകടം പതിവായതോടെ കുഴിക്ക് ചുറ്റും നാട്ടുകാർ താത്കാലിക സംരക്ഷണ വേലി തീർത്തിട്ടുണ്ട്. എന്നാൽ ലോറികൾ പോലുള്ള വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇവ തട്ടി നീക്കപ്പെടും. കുഴിയുടെവശങ്ങൾ കൂടുതലായി ഇടിയാനും ഇടയാക്കുന്നു. അതിനാൽ അപകട സാദ്ധ്യതയും വർദ്ധിക്കുന്നു.
മാൻഹോളിന്റെ അറ്റകുറ്റപ്പണി നടത്തുന്നത് റോഡ് ഫണ്ട് ബോർഡാണ്. അറ്റകുറ്റപ്പണി കാര്യക്ഷമമല്ലാത്തതിനാലാണ് ഇടയ്ക്കിടെ കുഴി ഉണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. മണ്ണ് ചോർന്നുപോകുന്നത് തടയാൻ ശാസ്ത്രീയമായ രീതികൾ അവലംബിക്കേണ്ടതുണ്ടെന്നും അവർ പറയുന്നു.
നടപടി എടുക്കും
കരാറുകാർ ജോലി ഏറ്റെടുക്കാൻ വൈകുന്നതാണ് അറ്റകുറ്റപ്പണിക്ക് കാലതാമസം വരുന്നത്. നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടഉദ്യോഗസ്ഥർക്ക് ഉടൻ നിർദ്ദേശം നൽകും.
സുരേഷ് ചന്ദ്രൻ,
സിറ്റി ഡിവിഷൻ സൂപ്രണ്ടിംഗ്
എൻജിനീയർ, കേരള വാട്ടർ അതോറിട്ടി
അധികൃതരെ അറിയിക്കാറുണ്ട്
ഇടക്കിടെ കുഴി ഉണ്ടാകുന്നുണ്ട്. വിഷയം ഉടനടി അധികൃതരെ അറിയിക്കാറുണ്ട്.പക്ഷേ,നടപടി വൈകും.
ആർ. സുരേഷ് ,
ഫോർട്ട് കൗൺസിലർ