k-surendran

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സി.പി.എമ്മിന്റെ നിലപാടിനെ സാധൂകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാജപ്രചരണം നടത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുപ്രീം കോടതി വിധിയുടെ മറവിൽ ശബരിമലയെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. സമരത്തെ അടിച്ചമർത്തിയാൽ പ്രത്യാഘാതം അനുഭവിക്കും. 

സ്ത്രീപ്രവേശന വിഷയത്തിൽ പണ്ഡിതരുമായും ആചാര്യന്മാരുമായും മറ്റും ചർച്ച നടത്താൻ സമിതിയെ നിയോഗിക്കണമെന്നാണ് സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞതെങ്കിൽ കോടതിയിൽ അക്കാര്യം വാദിക്കാത്തതെന്തെന്ന് വെളിപ്പെടുത്തണം. സത്യവാങ്മൂലത്തിൽ പറഞ്ഞ കാര്യം കോടതി പരിഗണിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാരിന് അങ്ങനെയെങ്കിൽ റിവ്യുഹർജി നൽകാമല്ലോ. പ്രളയദുരന്തത്തിന് ശേഷം ശബരിമല വിധിയുടെ രൂപത്തിൽ സർക്കാർ മറ്റൊരു ദുരന്തം അടിച്ചേല്പിച്ചിരിക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങളും ഇതിനെതിരായി നില കൊള്ളുമ്പോൾ അതിനെ തകർക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞതെല്ലാം വസ്തുതാവിരുദ്ധമാണ്. റിവ്യൂ ഹർജി  നൽകാനൊരുങ്ങിയ  ദേവസ്വം ബോർഡിനെ  ഭീഷണിപ്പെടുത്തി  പിൻവലിപ്പിച്ചത്  മുഖ്യമന്ത്രിയാണ്. റിവ്യൂ ഹർജി  നൽകുന്ന  ആരെയും  തടയില്ല  എന്ന്  ഇപ്പോൾ  പച്ചക്കള്ളം  പറയുന്നു.  വിഷയത്തിൽ  സർക്കാർ  ഒറ്റപ്പെട്ടുവെന്ന്  മനസ്സിലായപ്പോൾ  മറ്റുള്ളവരുടെ മേൽ ഉത്തരവാദിത്വം അടിച്ചേല്പിക്കുകയാണ്. ഇന്ന് പന്തളത്ത് നിന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ശബരിമല സംരക്ഷണയാത്ര ആരംഭിക്കും. സ്ത്രീപ്രവേശനത്തെ മുമ്പ് അനുകൂലിച്ചതിനെപ്പറ്റി ചോദിച്ചപ്പോൾ, രാഷ്ട്രീയപ്പാർട്ടിയിൽ പല അഭിപ്രായങ്ങളുമുണ്ടാവുമെന്നും പാർട്ടി തീരുമാനമെടുത്താൽ അതാകും പിന്നെ നിലപാടെന്നും സുരേന്ദ്രൻ മറുപടി നൽകി.