തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സദാസമയവും സജ്ജമായ 'സാറ്റലൈറ്റ് ഫയർസ്റ്റേഷനുകൾ' സ്ഥാപിക്കാനുള്ള തീരുമാനം ഫയലിലൊതുങ്ങി. തീപിടിത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ ഉടൻ രക്ഷാ പ്രവർത്തനം സാദ്ധ്യമാക്കുന്നതിനും നാശനഷ്ടങ്ങളും ആളപായവും പരമാവധി ഒഴിവാക്കാനുമാണ് പദ്ധതി ആവിഷ്കരിച്ചത്. സംസ്ഥാനത്തെ നഗരസഭകളിൽ പരീക്ഷണാടിസ്ഥാനത്തിൽ 36 സാറ്റലൈറ്റ് സ്റ്റേഷനുകൾ ആരംഭിക്കാനായിരുന്നു പദ്ധതി.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫയർഫോഴ്സ് യൂണിറ്റുകളെ വിന്യസിക്കാനാണ് തീരുമാനിച്ചത്. തീപിടിത്തമോ വാഹനാപകടമോ മറ്റ് അത്യാഹിതമോ ഉണ്ടാകുന്ന സ്ഥലങ്ങളിൽ ഫയർഫോഴ്സിന് ഇവിടെ നിന്ന് വേഗം എത്താനാകും.എല്ലാദിവസവും രാവിലെ പ്രധാന ഫയർ സ്റ്റേഷനിൽ നിന്ന് വാഹനങ്ങളും അഞ്ച് ജീവനക്കാരും സാറ്റലൈറ്റ് സ്റ്റേഷനിലേക്ക് പോകും.
കോർപ്പറേഷനോ സമീപമുള്ള പഞ്ചായത്തുകളോ ആണ് സാറ്റലൈറ്റ് സ്റ്റേഷനുകൾക്ക് സ്ഥലവും സൗകര്യങ്ങളും ലഭ്യമാക്കേണ്ടത്. വാഹനമിടാനുള്ള ഷെഡ്ഡും ജീവനക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യവുമായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ സ്ഥലം കണ്ടെത്താനുള്ള ബുദ്ധിമുട്ടും സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയും അഗ്നിശമനസേനാംഗങ്ങളുടെ കുറവുമാണ് പദ്ധതിയ്ക്ക് തടസമായതെന്ന് ഫയർഫോഴ്സ് തിരുവനന്തപുരം ഡിവിഷൻ ഓഫീസർ പറഞ്ഞു. വൻകിട സ്വകാര്യ കമ്പനികളുടെ സി.എസ്. ആർ ഫണ്ടുപയോഗിച്ച് സാറ്രലൈറ്ര് സ്റ്രേഷൻ ആരംഭിക്കാനായിരുന്നു പദ്ധതി.ആറ്രുകാൽ, മെഡിക്കൽ കോളേജ്, പള്ളിച്ചൽ , ബീമാപ്പള്ളി, വേളി, മുട്ടത്തറ എന്നിവിടങ്ങളിൽ പുതിയ ഫയർ സ്റ്രേഷൻ ആരംഭിക്കാനുള്ള നീക്കവും പാളി.
സേവനം
രാവിലെ ഒമ്പതു മുതൽ രാത്രി 10വരെയാണ് പ്രവർത്തനസമയം നിശ്ചയിച്ചത്.
അഗ്നിശമന, രക്ഷാപ്രവർത്തനത്തിനുള്ള വാഹനത്തിനൊപ്പം മൂന്നു കിലോലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ടാങ്ക്, അൾട്രാ ഹൈ പ്രഷർ പമ്പ്, ഹൈഡ്രോളിക് ഉപകരണങ്ങൾ എന്നിവയുമുണ്ടാകും. ഒരു യൂണിറ്റിൽ ലീഡിങ് ഫയർമാൻ, ഫയർമാൻ ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ, മൂന്ന് ഫയർമാൻമാർ എന്നിവരെയാണ് ഉൾപ്പെടുത്തിയിരുന്നത്.
നഗരത്തിൽ മൂന്ന് സ്റ്റേഷൻ
ഉള്ളൂർ, ചാല, കിഴക്കോക്കോട്ടയും സാറ്റലൈറ്റ് ഫയർ യൂണിറ്രിനായി പരിഗണിച്ചിരുന്നു