kodiyeri

തിരുവനന്തപുരം: കേരളത്തിൽ രണ്ടാം വിമോചന സമരത്തിനാണ് ബി.ജെ.പിയും കോൺഗ്രസും ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ശബരിമല കേസിലെ സുപ്രീം കോടതി വിധിയുടെ മറവിൽ ആർ.എസ്.എസ് കലാപത്തിന് ശ്രമിക്കുകയാണ്. അതിന് കോൺഗ്രസ് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.  

ആർ.എസ്.എസിന്റെ മെഗാഫോണായി കെ.പി.സി.സി നേതൃത്വം മാറി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബി.ജെ.പിയുടെ ഏജന്റായി. ശബരിമല വിഷയത്തിൽ നടക്കുന്ന സമരം സംബന്ധിച്ച എസ്.എൻ.ഡി.പിയുടെ നിലപാട് സ്വാഗതാർഹമാണ്. ഇപ്പോൾ നടക്കുന്ന സമരം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിപുലമായ ജനകീയ പ്രചാരണ പരിപാടി നടത്തുമെന്നും കോടിയേരി പറഞ്ഞു.  

കേരളത്തിന്റെ നവോത്ഥാനത്തിൽ നിർണായക പങ്ക് വഹിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി. ആ ദൗത്യം തന്നെയാണ് അവർ ഇപ്പോഴും ഏറ്റെടുത്തിരിക്കുന്നത്. മന്നത്ത് പത്മനാഭന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ എൻ.എസ്.എസും തയ്യാറാവാണം. കേരളത്തിൽ പലയിടത്തായി ആർഎസ്എസുകാർ ദേവസ്വം ബോർഡ് ഓഫീസുകൾ ആക്രമിച്ചതും മന്ത്രിമാരെ ആക്രമിക്കാൻ ശ്രമിച്ചതും കലാപ ശ്രമങ്ങളുടെ ഭാഗമാണ്. ശബരിമല വിഷയത്തിൽ ബി.ജെ.പിയ്ക്ക് ഇരട്ടത്താപ്പാണ്. ബി.ജെ.പി കേന്ദ്ര നേതൃത്വം ആദ്യം സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തതാണ്. ഇപ്പോൾ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സർക്കാരിനെതിരായി ജനങ്ങളെ ഇളക്കിവിടുകയാണ്. സുപ്രീം കോടതി വിധിയിൽ വിയോജിപ്പുണ്ടെങ്കിൽ ഉത്തരവ് മറികടക്കാൻ നിയമ നിർമാണത്തിന് തയ്യാറുണ്ടോയെന്ന് ബി.ജെ.പി വ്യക്തമാക്കണം.  

ഭരണഘടനയേയും നിയമാവാഴ്ചയേയും വെല്ലുവിളിക്കുന്ന സമരമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം ഉയർത്തിപ്പിടിക്കാനുള്ള അവസരമായി ഇതിനെ കാണണം. ശബരിമല കേസിൽ സി.പി.എം കക്ഷിയല്ല. ശബരിമലയിലേക്ക് സ്ത്രീകളെയോ പുരുഷന്മാരെയോ കൊണ്ടുപോകാൻ സി.പി.എം ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.