തിരുവനന്തപുരം: കാലാവധി നീട്ടിത്തരണമെന്ന അപേക്ഷ വൈദ്യുതി മന്ത്രി എം.എം. മണി തള്ളിയിട്ടും അത് വകവയ്ക്കാതെ സർക്കാർ ഉദ്യോഗസ്ഥൻ അതേ തസ്തികയിൽ തുടരുന്നു. വൈദ്യുതി വകുപ്പിന് കീഴിലുള്ള അനർട്ടിന്റെ ഡയറക്ടർ പദവിയിലാണ് ഉദ്യോഗസ്ഥൻ സർക്കാർ സംവിധാനത്തെയാകെ വെല്ലുവിളിച്ച് തന്നിഷ്ടപ്രകാരം തുടരുന്നത്. ഇതിനെതിരെ നിയമ നടപടിയിലേക്ക് നീങ്ങുകയാണ് സ്ഥാപനത്തിലെ ജീവനക്കാർ.
2016 സെപ്തംബർ 4നാണ് ഇദ്ദേഹത്തെ താത്കാലിക ഡയറക്ടറായി നിയമിച്ചത്. പിന്നീട് ഇത് ഒരുവർഷത്തേക്ക് നീട്ടികൊടുത്തു. ആ കാലാവധിയും ഇൗ വർഷം സെപ്തംബർ നാലിന് അവസാനിച്ചു. കാലാവധി നീട്ടണമെന്ന അപേക്ഷയുമായി ഉദ്യോഗസ്ഥൻ ആഗസ്റ്റ് 13ന് മന്ത്രിയെ സമീപിച്ചെങ്കിലും അത് തള്ളി. നിയമനം വഴിവിട്ടായിരുന്നുവെന്ന പരാതിയുള്ളതും ഇദ്ദേഹം നേരത്തെ മേൽനോട്ടം വഹിച്ചിരുന്ന പദ്ധതികളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മന്ത്രി അപേക്ഷ തള്ളിയത്.
എന്നാൽ, കാലാവധി നീട്ടാനാവില്ലെന്ന മന്ത്രിയുടെ തീരുമാനത്തെ വെല്ലുവിളിച്ചാണ് ഇപ്പോഴും ഡയറക്ടർ പദവിയിൽ ഉദ്യോഗസ്ഥൻതുടരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടാക്കുന്ന നിയമനങ്ങളും പദ്ധതികളും തുടരെത്തുടരെഇദ്ദേഹം നടത്തുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെയാണ് ജീവനക്കാർ കോടതിയെ സമീപിച്ചത്. സമ്പൂർണ ഊർജ്ജ സുരക്ഷാ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ സ്ഥാനത്തുനിന്നാണ് 2016ൽ ഈ ഉദ്യോഗസ്ഥൻ അനർട്ടിന്റെ താൽക്കാലിക ഡയറക്ടറായി എത്തുന്നത്.
അനർട്ടിലെ നടപടിച്ചട്ടങ്ങളനുസരിച്ച് എൻജിനീയറിംഗ് ബിരുദവും പിഎച്ച്.ഡിയുമാണ് ഡയറക്ടറുടെ നിയമനയോഗ്യത. പ്രായം 50ലേറെ ഉണ്ടായിരിക്കണം. 20 വർഷത്തിൽ കുറയാത്ത അനുഭവപരിചയവും വേണം. മാത്രമല്ല ചീഫ് സെക്രട്ടറിയും വൈദ്യുതി സെക്രട്ടറിയും കെ.എസ്.ഇ.ബി ചെയർമാനുമടങ്ങുന്ന പാനലാണ് നിയമനം നടത്തേണ്ടത്. എന്നാൽ ഇൗ കടമ്പകളൊന്നും കടക്കാതെയാണ് നിശ്ചിത യോഗ്യതകളില്ലാത്ത 46കാരനെ താൽക്കാലിക ഡയറക്ടറായി നിയമിച്ചത്. ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതോടെയാണ് കാലാവധി നീട്ടി നൽകാൻ സർക്കാർ വിസമ്മതിച്ചത്.
സർക്കാർ കീഴ്വഴക്കവും നിയമന ചട്ടങ്ങളും ധനവകുപ്പിന്റെ സ്റ്റാൻഡിംഗ് ഒാർഡറുകളും അനുസരിച്ച് ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാകുന്നത് അതത് മാസം 4 നും 21 നും ഇടയിലാണെങ്കിൽ പകരം നിയമനമുണ്ടായില്ലെങ്കിൽ ആ മാസം അവസാനം വരെ നിലവിലെ ഡയറക്ടർക്ക് തുടരാം. എന്നാൽ അതിനുള്ളിൽ കാലാവധി നീട്ടികൊണ്ടുള്ള ഉത്തരവ് ഉണ്ടായില്ലെങ്കിൽ വീണ്ടും തുടരുന്നത് നിയമവിരുദ്ധമായി കണക്കാക്കും. എന്നാൽ, ഇതെല്ലാം കാറ്റിൽ പറത്തിയാണ് ഉദ്യോഗസ്ഥൻ തത്സ്ഥാനത്ത് തുടരുന്നത്.