ജാതിമതങ്ങൾക്കതീതമായ പ്രണയത്തെ കുറിച്ചു പറഞ്ഞ ചിത്രമാണ് കിസ്മത്ത്. ആദ്യ വിജയചിത്രത്തിനു ശേഷം ഷാനവാസ് കെ. ബാവുട്ടി തന്റെ രണ്ടാം ചിത്രവുമായി എത്തുകയാണ്. ഈ മാസം 13ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ നായകൻ വിനായകനാണ്. ഒപ്പം കൊച്ചിയിലെ കുറച്ച് മച്ചാൻമാരുമുണ്ട്. കിസ്മത്ത് പുറത്തിറങ്ങി രണ്ടു വർഷം തികയുന്ന ദിവസത്തിലായിരുന്നു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഷാനവാസ് നടത്തിയത്. പുതുമുഖം പ്രിയംവദ നായികയായി എത്തുന്ന ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും വൈകാതെ പുറത്തുവിടുമെന്നാണ് സംവിധായകൻ നൽകുന്ന ഉറപ്പ്.
റോഷൻ മാത്യു, ലാൽ, മനോജ് കെ. ജയൻ, ദിലീഷ് പോത്തൻ, രഘുനാഥ് പലേരി, സുനിൽ സുഖദ, ബിനോയ് നമ്പാല തുടങ്ങി വൻതാര നിര തന്നെ ചിത്രത്തിലുണ്ട്. പട്ടം സിനിമാ കമ്പനിയുടെ ബാനറിൽ ദേവദാസ് കാടഞ്ചേരിയും ശൈലജ മണികണ്ഠനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫ്രാൻസിസ് നൊറോഹയുടെ കഥയ്ക്ക് പി.എഫ് മാത്യൂസ് ആണ് തിരക്കഥ ഒരുക്കുന്നത്. വിനായകനും ലീല എൽ. ഗിരിക്കുട്ടനും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. അൻവർ അലി, അജീഷ് ദാസൻ, പി.എസ്. റഫീക്ക് എന്നിവരുടേതാണ് ഗാനരചന. സുരേഷ് രാജൻ ഛായാഗ്രഹണവും എഡിറ്റിംഗ് ജിതിൻ മനോഹറും നിർവഹിക്കും.