നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ മരിക്കുന്ന കാൻസറാണ് ബ്രസ്റ്റ് കാൻസർ അഥവാ സ്തനാർബുദം. സ്തനാർബുദ ലക്ഷണങ്ങൾ തുടക്കത്തിലെ മനസിലാക്കി ചികിത്സ തേടിയാൽ ഭേദമാക്കാൻ കഴിയും. എന്നാൽ സ്തനാർബുദത്തെ കുറിച്ചുള്ള സംശയങ്ങൾ വേണ്ടപ്പെട്ടവരോടോ ഡോക്ടറുമായോ തുറന്ന് സംസാരിക്കാൻ മടി കാണിക്കുന്നതിനെ കുറിച്ചും, ചികിത്സാരീതികളെ കുറിച്ചും തികച്ചും വിജ്ഞാനപ്രദമായ അറിവ് ഫേസ്ബുക്കിലൂടെ പങ്ക് വയ്ക്കുകയാണ് ഡോക്ടർ ഷിംന അസീസ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ മരിക്കുന്ന കാൻസറാണ് ബ്രസ്റ്റ് കാൻസർ അഥവാ സ്തനാർബുദം. തുടക്കത്തിലേ കണ്ടെത്തിയാൽ ഫലപ്രദമായി ചികിൽസിച്ച് മാറ്റാവുന്ന ഈ രോഗം ചികിൽസിച്ച് മാറ്റാനാവാത്ത വിധത്തിലാവുമ്പോൾ മാത്രം കണ്ടെത്തുന്നതിന്റെ പ്രധാന കാരണം പ്രധാനമായും രണ്ടാണ്. ഒന്ന്, ഇതേക്കുറിച്ചുള്ള അറിവില്ലായ്മ. രണ്ട്, സ്വന്തം ആരോഗ്യവും ശരീരവും നോക്കുന്നതൊഴിച്ച് അവനവന്റെ ലോകത്ത് ബാക്കിയുള്ള എല്ലാ കാര്യങ്ങളും നോക്കിയുള്ള പരക്കം പാച്ചിൽ. 'ഈ ഭാഗത്തെ ബുദ്ധിമുട്ട് എങ്ങനെ വീട്ടുകാരോട് പറയും, എങ്ങനെ ഡോക്ടറെ കാണിക്കും' എന്നൊക്കെ നാണിച്ചു നിൽക്കുന്നത്, ശരീരത്തിൽ മാറ്റങ്ങൾ കണ്ടാൽ പോലും അവഗണിക്കേണ്ടി വരുന്ന ജീവിതസാഹചര്യങ്ങൾ, എനിക്കിതൊന്നും വരില്ലെന്ന മുൻവിധി പേറേണ്ടി വരുന്ന അവസരങ്ങൾ എന്ന് തുടങ്ങി പെണ്ണിന് ഇതോട് ചേർത്ത് പറയേണ്ടുന്ന കഥകൾ വളരെ വലുതാണ്. ഇന്നത്തെ #ടലരീിറഛുശിശീി പറയുന്നതും ഈ രോഗത്തെ കുറിച്ചാണ്.
സ്തനാർബുദം പല വിധമുണ്ട്. സ്തനത്തിനകം മുഴുവൻ മുലപ്പാലിന്റെ സുഗമമായ പ്രവാഹത്തിനായി ചെറു അറകളും കുഞ്ഞു പൈപ്പുകളും ഒക്കെയായി വിസ്മയാവഹമായ ഒരു വ്യവസ്ഥിതി ഉണ്ട്. ഈ ഭാഗങ്ങളിൽ എല്ലാം കാൻസർ വരാം. കൂടാതെ വേറെയും പല വിധം കാൻസറുകൾ ഈ അവയവത്തിൽ വരാം. ചെറിയ മുഴ, കുഴി, നിറം മാറ്റം, കാഴ്ചയിൽ ഓറഞ്ചിന്റെ തൊലിപ്പുറം പോലെയുള്ള സ്തനപ്രതലം , ഉൾവലിഞ്ഞ മുലക്കണ്ണ് എന്നിവയെല്ലാം ലക്ഷണങ്ങളാകാം. ഈ ലക്ഷണങ്ങൾ എല്ലാം കാൻസറാകണം എന്നുമില്ല. പക്ഷെ, കൂടുതൽ ശ്രദ്ധ ആവശ്യമുള്ളതാണോ അല്ലയോ എന്നറിയാൻ സാധിക്കുക ഒരു ഡോക്ടർക്ക് മാത്രമാണ്. ഗൗനിക്കാതിരിക്കരുത്. പുരുഷന്മാർക്കും സ്തനാർബുദം ഉണ്ടാകാം. ഇത് കൂടുതലും ഉണ്ടാകുന്നത് 60 70 വയസ്സ് കഴിഞ്ഞ ശേഷമാണെന്ന് മാത്രം. അവർക്കും ഈ ലക്ഷണങ്ങൾ ഉണ്ടാകാം.
പ്രായം കൂടുന്നതനുസരിച്ച് സ്തനാർബുദത്തിനുള്ള സാധ്യത കൂടും. മുലയൂട്ടിയിട്ടുള്ള സ്ത്രീകൾക്ക് ഈ രോഗത്തിന്റെ ഭീഷണിയിൽ നിന്നും ചെറുതല്ലാത്ത ഒരു ഇളവുണ്ട്. മുലയൂട്ടലിനെ ഇയ്രേറെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാരണങ്ങളിൽ ഒന്നും ഇതാണ്. അമ്മക്കോ സഹോദരിക്കോ മക്കൾക്കോ സ്തനാർബുദം വന്നിട്ടുള്ള സ്ത്രീക്ക് രോഗസാധ്യത ഇരട്ടിയാണ്. പക്ഷെ, രോഗം വന്നിട്ടുള്ളവരിൽ 85 ശതമാനം പേർക്കും ഇങ്ങനെ ഒരു പാരമ്പര്യം അവകാശപ്പെടാനില്ല. അത് കൊണ്ട് തന്നെ രോഗപാരമ്പര്യം ഇല്ലാത്തത് കൊണ്ട് സുരക്ഷിതയാണ് എന്നൊരു ധാരണയോടെ മുന്നോട്ട് പൊയ്ക്കൂടാ. ചില ജീനുകൾ ബ്രസ്റ്റ് കാൻസർ വരുത്തുന്നതിൽ കൃത്യമായ പങ്ക് വഹിക്കുന്നുണ്ട്. വളരെ നേരത്തേയുള്ള ആദ്യാർത്തവം, വൈകിയുള്ള ആർത്തവവിരാമം, അമിതവണ്ണം, പുകവലി, മദ്യപാനം, ശാരീരികാധ്വാനം ഇല്ലായ്മ തുടങ്ങിയവയെല്ലാം തന്നെ സ്തനാർബുദം വരുത്തുന്നതിൽ പങ്കുള്ള മറ്റു കാരണങ്ങളാണ്.
മറ്റേതൊരു രോഗത്തെക്കാളും മനുഷ്യർ ഭയക്കുന്ന രോഗമാണ് കാൻസർ. അത് തന്നെയാകണം 'കാൻസറിനുള്ള ഒറ്റമൂലി' എന്ന പേരിൽ എന്ത് പാഷാണം കലക്കി കൊടുത്താലും പാവം മനുഷ്യർ ചെന്ന് തല വെക്കുന്നത്. ഇത്തരം മുറിവൈദ്യന്മാരും സൂചി കൊണ്ടെടുക്കേണ്ടതിനെ തൂമ്പ കൊണ്ട് എടുക്കേണ്ട പരുവമാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. വേദനയില്ലാത്ത ലക്ഷണങ്ങളുമായാണ് ബ്രസ്റ്റ് കാൻസർ തല പൊക്കുന്നത് എന്നതിനാൽ തന്നെ മാസത്തിൽ ഒരിക്കലെങ്കിലും സ്തനങ്ങൾ സ്വയം പരിശോധിക്കേണ്ടതുണ്ട്. മാസമുറ കഴിഞ്ഞ് മൂന്നോ നാലോ ദിവസത്തിന് ശേഷമാണ് ഈ പരിശോധനക്ക് ഉത്തമം.
കുളിക്കുന്ന സമയത്ത് കണ്ണാടിക്കു മുന്നിൽ കുപ്പായം ഒഴിവാക്കി ഇരുവശത്തും അരക്ക് കൈ കൊടുത്തു നിൽക്കുക. എല്ലാ മാസവും ഇത് ചെയ്യുന്നത് വഴി സ്വന്തം മാറിടത്തിന്റെ നോർമലായ വലിപ്പവും നിറവുമെല്ലാം ധാരണയുണ്ടാക്കാം. എന്തെങ്കിലും ചെറിയ വ്യത്യാസമുണ്ടായാൽ പോലും കണ്ണിൽ പെടാൻ ഈ പരിചയം സഹായിക്കും. ആകൃതിയിൽ കാര്യമായ വ്യത്യാസമൊന്നും കാണുന്നില്ലെങ്കിൽ, കൈ പൊക്കി മറുകൈയുടെ വിരലിന്റെ ഉൾഭാഗം കൊണ്ട് കക്ഷം ഉൾപ്പെടെ പരിശോധിക്കാം. മുലക്കണ്ണിനു ചുറ്റും വട്ടത്തിൽ വിരലോടിച്ച് തുടങ്ങി കക്ഷം വരെ അമർത്തി നോക്കുക. പതിവില്ലാത്ത മുഴകളോ കുഴികളോ വേദനയോ മറ്റോ ഉണ്ടോ എന്ന് പരിശോധിക്കുക. വേദനയുള്ള മുഴകൾ പൊതുവെ കാൻസർ ആയിരിക്കില്ല എന്ന് പറയാമെങ്കിലും ഇതിനെ ഒരു നിയമം പോലെയൊന്നും കാണാൻ സാധിക്കില്ല. മാറിലെ ഏതൊരു വ്യത്യാസവും ഡോക്ടർ പരിശോധിക്കേണ്ടതുണ്ട്. സ്വയം പരിശോധനയുടെ ഏറ്റവും അവസാനം മുലക്കണ്ണ് ഞെക്കി നോക്കി എന്തെങ്കിലും സ്രവം, പ്രത്യേകിച്ച് രക്തം കലർന്ന സ്രവം വരുന്നുണ്ടോ എന്ന് പരിശോധിക്കുക. കുളിക്കുന്ന സമയത്താണെങ്കിൽ സോപ്പും വെള്ളവും നൽകുന്ന വഴുവഴുപ്പിൽ ഈ പരിശോധന അല്പം കൂടി എളുപ്പമാകും.
മാസത്തിൽ ഒരിക്കൽ ചെയ്യുന്ന ഈ പരിശോധനക്ക് പുറമേ, നാൽപതു വയസ്സ് കഴിഞ്ഞവർ ആണെങ്കിൽ വർഷത്തിൽ ഒരിക്കലെങ്കിലും മാമ്മോഗ്രാം ചെയ്യേണ്ടതുണ്ട്. എക്സ്രേ എടുക്കുന്നതുപോലൊരു ടെസ്റ്റാണിത്. മറ്റ് റിസ്ക് ഫാ്ര്രകറുകൾ ഉള്ളവർ ഇതിലും നേരത്തെ പരിശോധനകൾ തുടങ്ങേണ്ടതുണ്ട്. ഇതേക്കുറിച്ചുള്ള സംശയനിവൃത്തിക്ക് നിങ്ങളുടെ ഡോക്ടർക്ക് സഹായിക്കാനാകും. മാമ്മോഗ്രാമിൽ സംശയാസ്പദമായി വല്ലതും കണ്ടാൽ മാത്രം കുത്തിയെടുത്ത് പരിശോധിക്കും. ഈ കുത്തിനെ ഭയന്ന് നിൽക്കുന്ന പലരും മാറിടം എടുത്ത് കളയേണ്ട നിർബന്ധിതാവസ്ഥയിലാണ് ചികിത്സക്കായെത്തുക. അറിഞ്ഞോ അറിയാേെയാ ആ സ്ഥിതി വരുന്നത് തടയേണ്ടതുണ്ട്. ആദ്യ സ്റ്റേജ് ആണെങ്കിൽ മുഴയും ചുറ്റുപാടുമുള്ള കോശങ്ങളും മാത്രമെടുത്ത് മാറിടം നിലനിർത്താൻ വരെ സാധിക്കും. മറിച്ചാണെങ്കിൽ, ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങി ചികിത്സകൾ ഏറെയുണ്ട്. അപ്പോഴും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്ന രോഗങ്ങളുടെ ഗണത്തിൽ തന്നെയാണ് സ്തനാർബുദം ഉൾപ്പെടുന്നത്. സാധ്യത കുറയുമെന്ന് മാത്രം.
സ്തനാർബുദം മാറുന്ന രോഗമാണ്. കൃത്യമായ സമയത്ത് കണ്ടെത്തണം, അത് കൊണ്ട് തന്നെ, കൃത്യസമയത്ത് ചികിത്സ കിട്ടണം. നേരത്തെയുള്ള കണ്ടെത്തലാണ് ആവശ്യം. അതിനു വേണ്ടത് അറിവ് നൽകലും, ഓരോ സ്ത്രീയും അത് പ്രകാരം ശ്രദ്ധയോടെ സ്വയം പരിശോധന നടപ്പിൽ വരുത്തുന്ന അവസ്ഥയുമാണ്.
വാൽക്കഷ്ണം: ടൈറ്റായ ബ്രായോ കറുത്ത ബ്രായോ ധരിക്കുന്നത് കൊണ്ട് സ്തനാർബുദം വരില്ല. മാമ്മോഗ്രാം ചെയ്താലും കാൻസർ വരില്ല. ഹോർമോൺ ഉപയോഗിക്കുന്ന ഗർഭനിരോധനമാർഗങ്ങൾ ചെറിയ തോതിലെങ്കിലും ബ്രസ്റ്റ് കാൻസർ റിസ്കുള്ളതാണ്. പക്ഷേ, ഈ റിസ്ക് പൂർണ്ണമായും ആ സ്ത്രീയുടെ ആരോഗ്യസ്ഥിതിയെ അനുസരിച്ചിരിക്കും. അത് കൊണ്ട് തന്നെ ഒരു ഡോക്ടർ പരിശോധിച്ച ശേഷം മാമ്രേ ഇത്തരം മാർഗങ്ങൾ സ്വീകരിക്കാവൂ. കാൻസർ എന്ന വാക്കോ ബ്രസ്റ്റ് കാൻസർ തന്നെയോ ഒന്നിനും ഒരന്ത്യമല്ല. നേരത്തെ കണ്ടെത്തിയാൽ മറ്റേതൊരു രോഗം പോലെയാണ് ഈ രോഗവും. സ്വയം പരിശോധനയിലൂടെ, യഥാസമയം ഡോക്ടറുടെ സമീപത്തേക്ക് എത്തുന്നതിലൂടെ ജീവനും ജീവിതവും രക്ഷിക്കാം. വേണ്ടത് ഒരല്പം ശ്രദ്ധയും ജാഗ്രതയും മാത്രം.