കൊല്ലം: ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടയിൽ മുതലെടുപ്പിന് സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. സമാധാനപരമായി നടന്ന ആദ്യ ഘട്ട പ്രതിഷേധങ്ങളുടെ റിപ്പോർട്ട് സർക്കാരിലേക്ക് അയച്ചപ്പോൾ കണക്കുകൾ മാത്രമായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ പക്കലുണ്ടായിരുന്നത്.
അടുത്ത ഘട്ടത്തിലേക്കുള്ള റിപ്പോർട്ടിനെ സംബന്ധിച്ചുള്ള ചർച്ചകളിലാണ് മുതലെടുപ്പിനെ സംബന്ധിച്ച സംശയങ്ങൾ ഉയരുന്നത്.
സമൂഹ മാദ്ധ്യമങ്ങളിലെ കൂട്ടായ്മകളുടെ ആഹ്വാന പ്രകാരവും പലയിടത്തും പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്.
ഇത് നുഴഞ്ഞു കയറ്റത്തിനും കുഴപ്പങ്ങൾക്കും സാദ്ധ്യതയുണ്ടാക്കുമെന്നും രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു.
പത്തനംതിട്ടയിൽ ദേവസ്വം പ്രസിഡന്റിന്റെ വസതിയിലേക്ക് നടന്ന യുവമോർച്ച മാർച്ച് ഒഴികെ സംസ്ഥാനത്ത് വിവിധ അയ്യപ്പ സംഘടനകളുടെ പേരിൽ നടന്ന പ്രതിഷേധങ്ങൾ സമാധാനപരവും അച്ചടക്കം പുലർത്തുന്നതുമായിരുന്നു.
ചില പ്രതിഷേധങ്ങൾ ഇനി വഴി തിരിഞ്ഞേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നത്. ആശങ്ക വിവിധ ഹൈന്ദവ സംഘടനാ നേതാക്കൾക്കുമുണ്ട്. റിപ്പോർട്ട് അടിസ്ഥാനമാക്കി സർക്കാർ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചേക്കും.