ന്യൂഡൽഹി: ഒരു പാർട്ടിക്കും തുടർഭരണമില്ലെന്ന ചരിത്രം രാജസ്ഥാനിൽ മുഖ്യമന്ത്രി വസുന്ധരരാജെയ്ക്ക് ഇക്കുറി തിരുത്തിക്കുറിക്കാൻകഴിയുമോ?അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ അതിലൊന്നായ രാജസ്ഥാനിൽ തീപാറും പോരാട്ടത്തിനാണ് വേദിയൊരുങ്ങുന്നത്.
ഭരണം നിലനിറുത്താൻ ബി.ജെ.പിയും പിടിച്ചെടുക്കാൻ കോൺഗ്രസും പതിനട്ടടവും പയറ്രും.കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി 25 ലോക്സഭാ സീറ്റും തൂത്തുവാരിയ രാജസ്ഥാനിലെ ഫലം അടുത്ത തിരഞ്ഞെടുപ്പിനൊരുങ്ങുന്ന മോദി സർക്കാരിനും നിർണായകമാണ്.
കരിങ്കൊടി വരെ എത്തിയ തിരിച്ചടികൾ
ആൾവാർ, അജ്മീർ ലോക്സഭാ സീറ്റുകളിലും മണ്ഡലഗർ നിയമസഭാ സീറ്റിലെയും ഉപതിരഞ്ഞെടുപ്പ് തോൽവി ബി.ജെ.പിക്കും വസുന്ധരയ്ക്കും തിരിച്ചടിയായി.തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായത് കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നു.
രജപുത്ര ഗുണ്ടാനേതാവ് ആനന്ദപാൽ സിംഗിനെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതും പദ്മാവത് സിനിമാ വിവാദങ്ങളും ബി.ജെ.പിയോട് അടുപ്പമുള്ള രജപുത്രർക്ക് അപ്രിയമുണ്ടാക്കി. രാജസ്ഥാൻ ഗൗരവ് യാത്രയ്ക്കിടെ വസുന്ധരയെ ജയ്സാൽമീറിൽ രജപുത്രർ കരിങ്കൊടി കാട്ടി. സംവരണ പ്രശ്നത്തിൽ ഗുജ്ജറുകളും ഇടഞ്ഞു. കർഷക ആത്മഹത്യയും പ്രക്ഷോഭങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും ചീത്തപ്പേരുണ്ടാക്കി. മുതിർന്ന ബി.ജെ.പി നേതാവായിരുന്ന ജസ്വന്ത് സിൻഹയുടെ മകനും എം.എൽ.എയുമായ മാനവേന്ദർ സിംഗ് ബി.ജെ.പി വിട്ടു.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് ഗ്രാമീണ കർഷകർക്ക് സൗജന്യ വൈദ്യുതി പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചതും ഭരണനേട്ടങ്ങളും കേന്ദ്ര പദ്ധതികളും ബി.ജെ.പി പ്രചാരണായുധമാക്കുമെന്ന് വ്യക്തം.
കോൺഗ്രസിന്റെ വെല്ലുവിളികൾ
1. ബി. ജെ.പിക്കെതിരെയുള്ള പ്രതിപക്ഷ മഹാസഖ്യ ശ്രമങ്ങൾ പാളിയത്.
2. ബി.എസ്.പി 200 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുന്നു
3. ആറ് പാർട്ടികളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് മത്സരരംഗത്ത് (സി.പി.എം, സി.പി.ഐ, ജെ.ഡി.എസ്, സി.പി.ഐ.എം.എൽ, എം.സി.പി.ഐ.യു, എസ്.പി)
കോൺഗ്രസിന് സച്ചിൻ ' പൈലറ്റ് '
മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടിന് പകരം യുവനേതാവായ സച്ചിൻ പൈലറ്റാണ് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. മുൻ കേന്ദ്രമന്ത്രി രാജേഷ് പൈലറ്റിന്റെ മകനും മുൻ കേന്ദ്രമന്ത്രിയുമാണ്സച്ചിൻ. രജപുത്രരെയും ഗുജ്ജറുകളെയും ഒപ്പം നിറുത്താനും ഭരണവിരുദ്ധ വികാരം മുതലെടുക്കാനുമാണ് ശ്രമം.