mathew-hayden

സിഡ്നി: സർഫിംഗിനിടെ ഉണ്ടായ അപകടത്തിൽ മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാത്യുഹെയ്ഡന് പരിക്ക്. കഴുത്തിനും തലയ്ക്കും പരിക്കേറ്റതായി ചിത്രം സഹിതം മാത്യു ഹെയ്ഡൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഓസ്ട്രലിയയിൽ സ്ട്രാഡ്ബ്രോക്ക് ദ്വീപിൽ മകൻ ജോഷിന് ഒപ്പം സർഫിംഗ് നടത്തുന്നതിന് ഇടയിലാണ് സംഭവം. കഴുത്തിന് താഴെ നട്ടെല്ലിനും ലിഗ്‌മെന്റിനും പരിക്കേറ്റിട്ടുണ്ട്. മണൽത്തിട്ടയിലേക്ക് തെറിച്ചുവീണ മാത്യു ഹെയ്ഡന്റെ നെറ്റിയിലും മുറിവുണ്ട്. തലനാരിഴയ്ക്ക് താൻ രക്ഷപ്പെടുകയായിരുന്നുവെന്നും തിരമാലകളിൽപ്പെട്ട് വെളളത്തിൽ മുങ്ങുന്നത് മാത്രമാണ് തനിക്ക് ഇപ്പോൾ ഓർമ്മയുള്ളതെന്നും മാത്യു ഹെയ്ഡൻ പറഞ്ഞു.


2009ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതാണ് ഹെയ്ഡൻ. ഒരുകാലത്ത് ഓസ്ട്രേലിയയുടെ മുൻനിര ബാറ്റ്സ്മാൻമാരിൽ ഒരാളായ അദ്ദേഹത്തെ കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ആദരിച്ചിരുന്നു. 103 ടെസ്റ്റുകളിൽ ഓസ്ട്രേലിയൻ ടീമിനായി ഈ 46കാരൻ ജഴ്സി അണിഞ്ഞിട്ടുണ്ട്.