sabarimala

തിരുവനന്തപുരം: സുപ്രീംകോടതി വിധിയ്ക്ക് ശേഷമുള്ള ആദ്യ പ്രതിമാസ പൂജയ്ക്കായി നടതുറക്കാൻ ഒരാഴ്ചമാത്രം ശേഷിക്കെ ശബരിമലയിൽ പഴുതടച്ച സുരക്ഷാ സംവിധാനം ഒരുക്കാൻ പൊലീസ് തയ്യാറെടുക്കുന്നു. നിലവിൽ നടക്കുന്ന പ്രതിഷേധങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടുള്ള സുരക്ഷയാകും ഒരുക്കുക.


പമ്പയിലും സന്നിധാനത്തും കൂടുതൽ പൊലീസിനെ വിന്യസിക്കും. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലും റോഡിലും 500 ലധികം വനിതാ പൊലീസുദ്യോഗസ്ഥർ ഡ്യൂട്ടിക്കുണ്ടാകും. പത്തനംതിട്ട ബസ് സ്റ്റേഷൻ, ടൗൺ, റാന്നി, വടശേരിക്കര, എരുമേലി, ളാഹ എന്നിവിടങ്ങളിലെല്ലാം നിരീക്ഷണംശക്തമാക്കും. ബാരിക്കേഡുകൾ, ജലപീരങ്കി തുടങ്ങിയ സംവിധാനങ്ങളോടെ സായുധ പൊലീസിനെയും നിലയ്ക്കൽ,പമ്പ എന്നിവിടങ്ങളിൽ മുൻകരുതലായിക്രമീകരിക്കും. ആവശ്യമെന്ന് കണ്ടാൽ മറ്ര് ജില്ലകളിൽ നിന്ന് കൂടുതൽപൊലീസെത്തും.


പമ്പ മുതൽ സന്നിധാനംവരെ ഫുട്പട്രോളിംഗിന് പുറമേ പ്രധാനപോയിന്റുകളിലെല്ലാം പിക്കറ്റും  ക്രമീകരിക്കും. വനത്തിനുള്ളിലേക്കുള്ള ഇടവഴികളെല്ലാം ബന്തവസ് ചെയ്യും. ഡ്രോൺ കാമറ ഉൾപ്പെടെ സജ്ജീകരിക്കും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ കൺട്രോൾ റൂമുകൾ തുറക്കും. റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനാണ് സുരക്ഷാച്ചുമതല. പമ്പയിലെ ഗാർഡ് റൂമിൽകൂടുതൽ വനിതാ പൊലീസുകാരെ നിയോഗിക്കും. തുലാമാസ പൂജയ്ക്ക് നട തുറക്കുന്നതിന് മുമ്പ് ഐജിയുടെമേൽനോട്ടത്തിൽ അന്തിമ വിലയിരുത്തൽ നടക്കും.