odiyan

മോഹൻലാലിന്റെ ഓരോ ചിത്രത്തിനു വേണ്ടിയും ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒടിയനും അത്തരത്തിൽ പ്രേക്ഷകനെ കാത്തിരിപ്പിന്റെ മുൾമുനയിൽ നിറുത്തുന്ന ചിത്രമാണ്. ഫാന്റസി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിനായി മോഹൻലാൽ 15 കിലോയിലധികമാണ് തന്റെ ശരീരഭാരം കുറച്ചത്. ഒടിയനായുള്ള ലാലിന്റെ വേഷപ്പകർച്ച സമൂഹമാദ്ധ്യമങ്ങളിലെല്ലാം തരംഗം തീർത്തിരുന്നു.

എന്നാൽ ഒടിയൻ എന്ന തന്റെ സ്വപ്‌ന സിനിമ യാഥാർത്ഥ്യമാക്കുന്നതിന് കൂടെ നിന്ന ഒരാളോട് നന്ദി പറയുകയാണ് സംവിധായകൻ ശ്രീകുമാർ മേനോൻ. ഒടിയന്റെ നിർമ്മാതാവും മോഹൻലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂരിനെ കുറിച്ചാണ് തന്റെ ഫേസ്ബുക്കിൽ  ശ്രീകുമാർ മേനോൻ കുറിച്ചിരിക്കുന്നത്. ഒരു പുതുമുഖ സംവിധായകനായ തന്നെ ധൈര്യവും, ആത്മവിശ്വാസവും നൽകി വാർത്തെടുത്തത് ആന്റണി തന്നെയാണെന്ന് അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'നിർഭയത്ത്വത്തിന്റെ പര്യായമാണ് ഇദ്ദേഹം. തന്റെ ജോലികളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള, എന്തനോടൊക്കെ യെസ് പറയണം, നോ പറയണം എന്ന് നിശ്ചയമുള്ള നിർമ്മാതാവ്. അതുകൊണ്ട് തന്നെയായിരിക്കുമല്ലോ ഇന്ന് വരെ നിർമ്മിച്ച സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളായതും.

സിനിമയെന്ന എന്റെ തലയിലെ ശക്തിമത്തായ വികാരത്തേയും ഭ്രാന്തനേയും ഒരേ സമയം തിരിച്ചറിയാൻ ആന്റണിക്ക് കഴിഞ്ഞിരുന്നു.ഒടിയന്റെ നിർമ്മാണ ചിലവിനെയോ ബഡ്ജറ്റിനെയോ കുറിച്ച് ഒരിക്കൽ പോലും ആന്റണി എന്നോട് സംസാരിച്ചിട്ടില്ല. ചിത്രീകരണത്തിന് എന്നപോലെ തന്നെ ഇക്കാര്യത്തിലും ആന്റണി എനിക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു.


ഞാൻ എന്ന പുതുമുഖ സംവിധായകനെ ധൈര്യവും, ആത്മവിശ്വാസവും നൽകി വാർത്തെടുത്തതും ആന്റണി തന്നെയാണെന്ന് പറയാൻ എനിക്ക് ഒട്ടും മടിയില്ല.

ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നും നേരിൽ പറയാത്ത ഒരു കാര്യം ഞാൻ ഇവിടെ പറയട്ടെ;
നന്ദി ആന്റണി, എന്നെ ഉറങ്ങാൻ അനുവദിക്കാതെ വേട്ടയാടിയിരുന്ന ആ സ്വപ്നം സാക്ഷാത്ക്കരിക്കാൻ കരുത്തോടെ കൂടെ നിന്നതിന്‌'.