flood-sai
കുട്ടമംഗലം സർ‌വീസ് കോ-ഓപ്പറേറ്റിവ് ബാങ്കിലെ,​ പ്രളയത്തിൽ കുതിർന്ന രേഖകൾ ഉണക്കിയെടുക്കാനായി ബാങ്കിന് മുന്നിൽ നിരത്തിയിരിക്കുന്നു

പ്രളയം കഴിഞ്ഞ കേരളത്തിൽ ഇപ്പോൾ വീണ്ടെടുപ്പിന്റെയും ശുദ്ധീകരണത്തിന്റെയും ശുദ്ധികലശത്തിന്റെയും കാലമാണ്. വെള്ളം കയറി പല സാധനങ്ങളും വീണ്ടെടുക്കാനാവാത്ത വിധം നശിച്ചു പോയി. ഇതിൽ എങ്ങനെയും വീണ്ടെടുക്കേണ്ട കുറേ കാര്യങ്ങളുണ്ട്. ബാങ്കുകളിലെയും റവന്യൂ ഓഫീസുകളിലെയും ആയിരക്കണക്കിന് രേഖകളും ഭൂമിയുടെയും വീടിന്റെയുമൊക്കെ ആധാരങ്ങളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇവയിൽ പെടുന്നു. ഇവ നഷ്‌ടപ്പെട്ടാൽ പല പ്രവർത്തനങ്ങളും ദീർഘകാലത്തേക്ക് മരവിച്ചു പോകും. ആലപ്പുഴയിലെ കുട്ടമംഗലം സർവീസ് സഹകരണ ബാങ്കിലും കൈനകരി പഞ്ചായത്ത് ഓഫീസിലും പ്രളയജലം ഇരച്ചു കയറി.

കായൽത്തീരത്ത് വെള്ളത്തിൽ നിന്ന് കഷ്‌ടിച്ച് എട്ടോ പത്തോ അടി അകലെയാണ് ബാങ്ക് കെട്ടിടം. വിലപ്പെട്ട രേഖകൾ സൂക്ഷിച്ചിരുന്ന ഗോദ്‌റേജ് ലോക്കർ ഉൾപ്പെടെയുള്ള അലമാരകളിൽ വെള്ളം കയറി. രേഖകളെല്ലാം നനഞ്ഞു കുതിർന്നു. വെള്ളം പിൻവാങ്ങിയതോടെ ജീവനക്കാർ ഈ രേകകളെല്ലാം സൂക്ഷിച്ച് പുറത്തെടുത്ത് കായൽത്തീരത്ത് നിരത്തി വച്ച് ഉണക്കുകയാണിപ്പോൾ. ലെഡ്‌ജറുകൾ,​ ഫയലുകൾ,​ ആധാരങ്ങൾ,​മറ്റ് വിലപ്പെട്ട നിരവധി രേകകൾ... ഈ രേഖകൾ കമ്പ്യൂട്ടറൈസ് ചെയ്‌തിട്ടുണ്ടെന്നാണ് കരുതുന്നത്. പക്ഷേ,​ വെള്ളം കയറി കമ്പ്യൂട്ടറുകളും കേടായി.വെള്ളം കയറിയ കമ്പ്യൂട്ടറുകൾ ജീവനക്കാർ വൃത്തിയാക്കുന്നുണ്ട്. പക്ഷേ അവയിൽ നിന്ന് ഈ രേഖകൾ ഇനി വീണ്ടെടുക്കാനാവുമോ?​ ആലപ്പുഴ ജില്ലയിലെ ലോവർ കുട്ടനാട്ടിൽ വരുന്ന ഈ സ്ഥലങ്ങൾ സമുദ്രനിരപ്പിന് താഴെയാണ് കിടക്കുന്നത്. പ്രളയം വന്നപ്പോൾ പതിനായിരങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വന്നു.രണ്ടാഴ്ചയ്‌ക്ക് ശേഷം മിക്കവരും തിരിച്ചെത്തിയപ്പോഴും മിക്ക വീടുകളും വെള്ളത്തിലായിരുന്നു. " വെള്ളം മുന്നിലെ വാതിലിന്റെ മുകൾനിരപ്പ് വരെ വന്നു. അകത്ത് വെള്ളം കയറി എല്ലാം മുങ്ങി.ബാങ്കിന്റെ വാൾട്ട് നിലവറ പോലുള്ള ഭാഗത്തായത് കാര്യങ്ങൾ കൂടുതൽ വഷളാക്കി.വാൾട്ടിന്റെ വാതിൽ പകുതി തുറന്ന നിലയിൽ മുറുകിപ്പോയിരുന്നു. മുങ്ങിയ ഇരുമ്പ് സേഫുകളിലെല്ലാം തുരുമ്പായി" - ബാങ്ക് കാഷ്യർ എച്ച്. ഗിരീഷ് കുമാർ പറഞ്ഞു.

കൈനകരി ഗ്രാമത്തിലെ കനാലുകളുടെ ഓരത്തു കൂടി ഞങ്ങൾ നടന്നു.അവിടെയെല്ലാം ജനങ്ങൾ തങ്ങളുടെ സാധനങ്ങൾ ഉണക്കാൻ നിരത്തിയിട്ടിരിക്കയാണ്. ഫർണിച്ചർ, ഫ്രിഡ്‌ജുകൾ, അലമാരകൾ, കുട്ടികളുടെ സ്‌കൂൾ ബുക്കുകൾ, തുണികൾ, പുതപ്പുകൾ...അതാ, അവിടെ ഒരു ബൈബിൾ...തൊട്ടടുത്ത് ഭഗവദ്ഗീതയും...ഒരു കിസാൻ ക്രെഡിറ്റ് കാർഡും.. ജനങ്ങൾ ക്ഷമയോടെ എല്ലാം അടുക്കി നേരേയാക്കാനുള്ള ശ്രമത്തിലാണ്. ബാങ്കിലെ ജീവനക്കാർ മണിക്കൂറുകളും ദിസങ്ങളും കഠിനാദ്ധ്വാനം ചെയ്‌താണ് എല്ലാം വൃത്തിയാക്കിയത്.നിലവറയിലെ വെള്ളം കോരിക്കളഞ്ഞു. ചെളിയെല്ലാം വൃത്തിയാക്കി.നിരവധി രേഖകൾ ഉണക്കിയെടുത്തു. നനവ് മാറാത്ത ലെഡ്‌ജറുകളിൽ പൂപ്പൽ പിടിച്ചു..ഒപ്പം ദുർഗന്ധവും. സാദ്ധ്യമായ സാധനങ്ങളെല്ലാം അവർ വീണ്ടെടുത്തു. ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന അഞ്ചര കിലോഗ്രാം സ്വർണവും കുറേ പണവും ഭൂമിയുടെ നിരവധി ആധാരങ്ങളും ബാങ്കിന്റെ ആലപ്പുഴയിലെ ഹെഡ്ക്വാർട്ടേഴ്സിലേക്ക് മാറ്റി. ബാങ്കിലെ അക്കൗണ്ടും മറ്റ് വിലപ്പെട്ട രേഖകളും ബംഗളുരുവിലെ സെർവറിൽ സുരക്ഷിതമായുണ്ടെന്ന് ബാങ്ക് പ്രസിഡന്റ് പി. ജി. സനൽകുമാർ ഫോണിൽ അറിയിച്ചു.