യുണൈറ്റഡ് നേഷൻസ്: 2030 ആകുമ്പോഴേക്കും ഇന്ത്യ സുസ്ഥിര വികസനമെന്ന ആഗോള ലക്ഷ്യം കൈവരിക്കുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. യു.എൻ ജനറൽ അസംബ്ളിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുസ്ഥിര വികസനത്തിൽ ഇന്ത്യ താത്വിക ഘട്ടത്തിൽ നിന്നും പ്രവൃത്തിപഥത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു കഴിഞ്ഞു. സുസ്ഥിര വികസന യജ്ഞത്തിൽ പങ്കാളികളായ 110 രാജ്യങ്ങളോടൊപ്പം കഴിഞ്ഞ മൂന്ന് വർഷത്തെ സ്വമേധയാ ഉള്ള ദേശീയ അവലോകനവും ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്. സുസ്ഥിര വികസനമെന്ന ലക്ഷ്യം നടപ്പാക്കുവാൻ ഇന്ത്യയുടേതായ ചുമതല നിറവേറ്റുന്ന തരത്തിൽ രാജ്യത്തിന്റെ ആസൂത്രണവും നയവും ക്രമീകരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഐക്യരാഷ്ട്രസഭയുടെ 73ആം ജനറൽ അസംബ്ലിയിൽ ഉറപ്പ് നൽകിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ദൗത്യങ്ങൾക്ക് അനുസരിച്ചാണ് ദാരിദ്ര്യ നിർമ്മാർജ്ജനം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, തൊഴിൽ, നൈപുണ്യം, ലിംഗസമത്വം, അടിസ്ഥാന സൗകര്യവികസനം എന്നീ മേഖലകളിൽ ഇന്ത്യ നടപ്പാക്കുന്നത്. ഇന്ത്യ നടപ്പാക്കി വരുന്ന ശുചിത്വ ഭാരത പദ്ധതി ഇതിൽ പ്രധാനമാണ്.
സുസ്ഥിര വികസനം എന്ന ലക്ഷ്യത്തിലെത്താൻ വിവിധ രാജ്യങ്ങൾ നടത്തുന്ന പരിശ്രമങ്ങൾ ഫലം കണ്ടെത്തുന്നതിനാവശ്യമായ സഹായമെത്തിക്കാൻ കഴിയുന്നവിധം ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധതിയിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ വരുത്തുമെന്ന സെക്രട്ടറി ജനറലിന്റെ നിർദ്ദേശത്തെ പിന്താങ്ങുന്നതായും പ്രേമചന്ദ്രൻ പറഞ്ഞു. 2022 ഓടുകൂടി പാരമ്പര്യേതര ഊർജത്തിലേക്കുള്ള പരിവർത്തനത്തിനായി ഇന്ത്യ ശ്രമിച്ചു വരികയാണ്. 100 ജിഗാവാട്ട് സൗരോർജ്ജമുൾപ്പെടെ 175 ജിഗാവാട്ട് പാരമ്പര്യേതര ഊർജം ഉൽപാദിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നു.
ഐക്യരാഷ്ട്രസഭയുടെ ബഹുമുഖ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിൽ രൂപീകരിച്ച അന്താരാഷ്ട്ര സോളാർ സഖ്യത്തിലേക്ക് 70 രാജ്യങ്ങൾ കൂടി ചേർന്നിട്ടുണ്ട്. കാലാവസ്ഥാ നടപടികളിൽ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ഉദ്യമങ്ങൾക്ക് സുവ്യക്തമായ സംഭാവന നൽകുന്നതിൽ പ്രതീക്ഷ നൽകുന്നതാണിത്. പൂർണമായും സൗരോർജ്ജത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിന് തന്നെ മാതൃകയാണ്. വൻകിട അടിസ്ഥാന സൗകര്യ വിസന പദ്ധതികൾക്ക് സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നതിന്റെ തെളിവാണിത്. ഇതുമൂലം വരുന്ന 25 വർഷക്കാലത്തേക്ക് 9 ലക്ഷം ടൺ കാർബൺ ഡൈ ഓക്‌സൈഡിന്റെ ബഹിർഗമനം ഒഴിവാക്കാൻ കഴിയും. ഇത് 9 ദശലക്ഷം മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിന് തുല്യമാണ്. പ്രതിവർഷം ആറ് ദശലക്ഷം ഡോളർ ലാഭിക്കാനും കഴിയുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.