ന്യൂയോർക്ക്: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പിൻബലത്തിൽ നടപ്പു വർഷവും അടുത്തവർഷവും ലോകത്തിലെ ഏറ്റവും വേഗം വളരുന്ന മുൻനിര സമ്പദ്‌ശക്തിയായി ഇന്ത്യ തുടരുമെന്ന് അന്താരാഷ്‌ട്ര നാണയ നിധി (ഐ.എം.എഫ്). ബാലിയിൽ നടക്കുന്ന ഐ.എം.എഫിന്റെ വാർഷിക യോഗത്തിന് മുന്നോടിയായി പുറത്തിറക്കിയ വേൾഡ് എക്കണോമിക് ഔട്ട്‌ലുക്ക് (ഡബ്ള്യു.ഇ.ഒ) റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നരേന്ദ്ര മോദി സർക്കാർ പ്രാവർത്തികമാക്കിയ ചരക്ക് - സേവന നികുതി (ജി.എസ്.ടി), നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടി, ബാങ്കിംഗ് തട്ടിപ്പുകാരെ കുടുക്കാനുള്ള ഇൻസോൾവെൻസി ആൻഡ് ബാങ്ക്‌റപ്‌റ്ര്‌സി കോഡ് (ഐ.ബി.സി, വിദേശ നിക്ഷേപം ഉദാരമാക്കിയ നിയമങ്ങൾ, ബിസിനസ് സൗഹാർദ്ദ നയങ്ങൾ എന്നിവ ഇന്ത്യയ്ക്ക് ഗുണം ചെയ്യും. എന്നാൽ, അനുദിനം കുതിക്കുന്ന ക്രൂഡോയിൽ വില, സാമ്പത്തിക വളർച്ചാ നിരക്ക് നേരിയ തോതിൽ കുറയാനിടയാക്കും.
അടുത്തവർഷം ഇന്ത്യ 7.4 ശതമാനം വളരുമെന്നാണ് ഐ.എം.എഫിന്റെ പുതുക്കിയ വിലയിരുത്തൽ. നേരത്തേ വിലയിരുത്തിയ വളർച്ചാ നിരക്ക് 7.5 ശതമാനമായിരുന്നു. നടപ്പുവർഷം ഇന്ത്യ 7.3 ശതമാനം വളരുമെന്നും റിപ്പോർട്ട് വ്യക്തമാക്കി.
ചൈന തളരും
അതിവേഗം വളരുന്ന സമ്പദ്‌ശക്തികളിൽ ഇന്ത്യയ്‌ക്ക് പിന്നിലായി, രണ്ടാംസ്ഥാനത്തുള്ള ചൈനയ്ക്ക് ഇപ്പോൾ സമയം മോശമാണെന്നാണ് ഐ.എം.എഫിന്റെ അഭിപ്രായം. ഈ വർഷം 6.6 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്ന ചൈന, അടുത്തവർഷം 6.2 ശതമാനത്തിലേക്ക് വീഴും. ചൈനീസ് ഉത്‌പന്നങ്ങൾക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ അധികനികുതിയും തുടർന്നുണ്ടായ വ്യാപാരപ്പോരുമാണ് തിരിച്ചടിയാവുക.
3.7%
ആഗോള സമ്പദ്‌വളർച്ച ഈവർഷം 3.7 ശതമാനമായിരിക്കും. നേരത്തേ വിലയിരുത്തിയ വളർച്ചയേക്കാൾ 0.2 ശതമാനം കുറവാണിത്.