ramesh

തിരുവനന്തപുരം:  ബ്രൂവറികൾക്കും ഡിസ്റ്റിലറിക്കും അനുമതി നൽകിയ ഉത്തരവ് സർക്കാർ റദ്ദാക്കിയെങ്കിലും നിയമനടപടികളുമായി മുന്നോട്ട് പോകാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയാരോപണമുയർത്തി ഗവർണർക്ക് നൽകിയ പരാതി പിൻവലിക്കുന്നില്ലെന്നും അതിലെ തീരുമാനത്തിനനുസരിച്ച് തുടർ നിയമവഴികൾ തേടുമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അനുമതി റദ്ദാക്കിയത് കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. ഉന്നതതലങ്ങളിൽ നടന്ന ഗൂഢാലോചനയുടെ ഫലമായുണ്ടായ അഴിമതിയുടെ ഉത്തരവാദികൾ പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമാക്കപ്പെടണം.

ബ്രൂവറി ഇടപാടിൽ അതീവ രഹസ്യമായും തീർത്തും ദുരൂഹമായുമാണ് കാര്യങ്ങൾ നടന്നത്. ഉദ്യോഗസ്ഥരെ മറികടന്ന് തീരുമാനമെടുത്തത് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയുമാണ്. ഭരണത്തലവനായ മുഖ്യമന്ത്രി നേരിട്ട് അനുമതി നൽകിയതിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിന് മുഖ്യമന്ത്രി ഉത്തരം പറഞ്ഞേ തീരൂ. അനുമതി നൽകിയ നാല് സ്ഥാപനങ്ങളിൽ രണ്ടെണ്ണം തട്ടിക്കൂട്ട് കമ്പനികളാണ്. പവർ ഇൻഫ്രാടെകിന്റെ മേൽവിലാസം വ്യാജമാണ്. ബിയർ നിർമ്മാണത്തിൽ മുൻ പരിചയമില്ല. ഡിസ്റ്റിലറി അനുമതി നൽകിയ ശ്രീചക്രയ്ക്ക് ഓഫീസ് പോലുമില്ല. പാലക്കാട്ടെ അപ്പോളോ ബ്രൂവറീസിനുള്ള അപേക്ഷ മുഖ്യമന്ത്രി നേരിട്ട് കൈപ്പറ്റിയെന്ന് പറയുന്നു. സാധാരണ ആർക്കും നേരിട്ട് കാണാനാവാത്ത മുഖ്യമന്ത്രിക്ക് എങ്ങനെ ഒരു വ്യവസായി നേരിട്ട് അപേക്ഷ കൊടുത്തു? കണ്ണൂർ വാരത്തെ ശ്രീധരൻ ബ്രൂവറീസിന് മുൻഗണന തെറ്റിച്ച് എങ്ങനെ അനുമതി ലഭിച്ചു? അനുമതി നൽകാൻ പോകുന്നത് നാല് പേർ മാത്രം എങ്ങനെയറിഞ്ഞു എന്നതടക്കം തുടക്കത്തിൽ താൻ ചോദിച്ച പത്ത് ചോദ്യങ്ങൾക്കും അനുമതി റദ്ദാക്കുമ്പോൾ പോലും ഉത്തരമില്ല. കിൻഫ്രയിൽ ഭൂമിദാന അപേക്ഷ കൈകാര്യം ചെയ്യാൻ കിൻഫ്ര എം.ഡിക്കും ബിസിനസ് ഡെവലപ്മെന്റ് ജനറൽ മാനേജർക്കും മാത്രമാണ് അധികാരമെന്നിരിക്കെ സി.പി.എം ഉന്നതനേതാവിന്റെ മകൻ അത് ചെയ്തത് ആരുടെ നിർദ്ദേശപ്രകാരമാണ്? 1999ലെ മന്ത്രിസഭാ തീരുമാനമനുസരിച്ച് ഇറക്കിയ ഉത്തരവ് പുന:പരിശോധിക്കാൻ മന്ത്രിസഭാ തീരുമാനം തന്നെ വേണമെന്ന് ഉദ്യോഗസ്ഥർ ഫയലിലെഴുതിയിട്ടും കാറ്റിൽപറത്തി തീരുമാനമെടുത്തത് മുഖ്യമന്ത്രിയാണ്. സ്വന്തം പാർട്ടിയെ പോലുമറിയിക്കാതെയാണ് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ഇടപാട് നടത്തിയതെന്നും കോടിയേരിയുടെ മൗനം ഇക്കാര്യത്തിൽ വാചാലമാണെന്നും ചെന്നിത്തല പറഞ്ഞു.