vairamuthu-radaharavi

ചെന്നൈ: സാമൂഹ്യമാദ്ധ്യമങ്ങളിൽ തരംഗമായ മീ ടൂ കാമ്പെയിന്റെ ഭാഗമായി  കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയും തമിഴ് നടൻ രാധാരവിക്കെതിരെയും ഗുരുതര ലൈംഗികാരോപണങ്ങളുമായി യുവതികൾ രംഗത്തെത്തി. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു യുവതി ഒരു മാദ്ധ്യമപ്രവർത്തകയോട് വൈരമുത്തു അപമര്യാദയായി പെരുമാറിയ വിവരം വെളിപ്പെടുത്തുകയായിരുന്നു. 'വൈരമുത്തു ഒരു വേട്ടക്കാരനാണെന്നത് സിനിമാ മേഖലയിലെ പരസ്യമായ രഹസ്യമാണ്. പലർക്കും ദുരനുഭവങ്ങളുണ്ടായിട്ടുണ്ട്. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളതിനാൽ ഇയാൾക്കെതിരെ പരാതിപ്പെടാൻ ആർക്കും ധൈര്യമില്ല.'- യുവതിയുടെ സന്ദേശം മാദ്ധ്യമപ്രവർത്തകയുടെ ട്വീറ്റിലൂടെയാണ് പുറത്തറിഞ്ഞത്.

കോളേജിൽ പഠിക്കുമ്പോൾ യുവതി വൈരമുത്തുവിനൊപ്പം ഒരു പ്രോജക്ടിൽ പ്രവർത്തിച്ചിരുന്നു. കോടമ്പാക്കത്തെ വൈരമുത്തുവിന്റെ വീട്ടിൽ വച്ച് പാട്ടിന്റെ വരികൾ വിശദീകരിക്കുന്നതിനിടെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു. എന്താണ് ചെയ്യേണ്ടതെന്നറിയാതെ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ വീടും ഓഫീസും ഒന്നാണ്. ആളുകളോട് അവിടെ വന്ന് കാണാനാണ് ആവശ്യപ്പെടാറുള്ളതെന്നും യുവതി വെളിപ്പെടുത്തി. യുവതിക്ക് പിന്തുണയുമായി സംവിധായകൻ സി.എസ് അമുദൻ, ഗായിക ചിന്മയി എന്നിവരെത്തിയിട്ടുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് തമിഴ്നടൻ രാധാരവിക്കെതിരെ ആരോപണം ഉയർന്നത്. ഔദ്യോഗിക കാര്യത്തിനായി രാധാരവിയെ ബന്ധപ്പെട്ടപ്പോൾ, ആൾവാർപ്പേട്ടിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിച്ച് മുഖത്ത് ചുംബിച്ചു. ജോലി കഴിഞ്ഞിട്ട് വീണ്ടും കാണണമെന്നും കൂട്ടുകാരെ ഒഴിവാക്കി തനിയെ വരണമെന്നും ആവശ്യപ്പെട്ടതായും യുവതി ആരോപിച്ചു. രാഷ്ട്രീയ സ്വാധീനങ്ങൾ ഉള്ളതിനാൽ അദ്ദേഹത്തെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു.