unmanned-aerial-vehicle

ബീജിംഗ്: അത്യാധുനിക വ്യോമപ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫ് മിസൈൽ വാങ്ങാനുള്ള കരാറിൽ ഇന്ത്യ ഒപ്പിട്ടതിന് പിന്നാലെ നിർണായക നീക്കവുമായി പാകിസ്ഥാനും. അയൽരാജ്യവും സൈനിക പങ്കാളിയുമായ ചൈനയിൽ നിന്ന് 48 അത്യാധുനിക നിരീക്ഷക ഡ്രോണുകൾ വാങ്ങാനുള്ള പദ്ധതിക്കാണ് പാകിസ്ഥാൻ അന്തിമരൂപം നൽകിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റവും വലിയ സൈനിക കരാർ ആണിതെന്നാണ് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ എത്ര രൂപയുടെ കരാറാണ് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പിട്ടതെന്ന് വ്യക്തമല്ല.

വിംഗ് ലൂംഗ് 2 എന്ന അത്യാധുനിക വിദൂര നിയന്ത്രിത ആളില്ലാ വിമാനം നിർമിക്കുന്നത് ചെംഗ്‌ഡു എയർക്രാഫ്‌ട് ഇൻഡസ്‌ട്രിയൽസ് എന്ന കമ്പനിയാണ്.കഴിഞ്ഞ ഫെബ്രുവരിയിലാണ് വിമാനം വിജയകരമായി പരീക്ഷണപ്പറക്കൽ നടത്തിയത്. നിരീക്ഷണത്തിന് പുറമെ ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്താനും കഴിയുന്ന വിധത്തിലാണ് ഇവയുടെ നിർമാണം. ഇതിന് ശേഷം പാകിസ്ഥാൻ ഡ്രോൺ സംവിധാനങ്ങൾ സ്വന്തമാക്കാനുള്ള ശ്രമത്തിലായിരുന്നു. നിലവിൽ പാകിസ്ഥാന് ഏറ്റവും കൂടുതൽ ആയുധങ്ങൾ നിർമിച്ച് നൽകുന്നത് ചൈനയാണ്. ഇരുരാജ്യങ്ങളും ചേർന്ന് സംയുക്തമായി ഒറ്റ എഞ്ചിനുള്ള ജെ.എഫ് തണ്ടർ എന്ന യുദ്ധവിമാനം നിർമിക്കുന്നത്.

അതേസമയം, റഷ്യയിൽ നിന്നും എസ് 400 ട്രയംഫ് മിസൈൽ വാങ്ങാനുള്ള കരാറിൽ ഒപ്പിട്ടതിന് തൊട്ടുപിന്നാലെ ഇന്ത്യയുടെ ശത്രുപക്ഷത്ത് നിൽക്കുന്ന രണ്ട് രാജ്യങ്ങൾ തമ്മിൽ ആയുധക്കരാറിൽ ഏർപ്പെടുന്നത് വൻ പ്രാധാന്യത്തോടെയാണ് പ്രതിരോധ നിരീക്ഷകർ കാണുന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുട്ടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് അമേരിക്കൻ ഭീഷണി മറികടന്നും കരാറിൽ ഒപ്പിട്ടത്.