mukesh-and-bagyalakshmi

തിരുവനന്തപുരം: സി.പി.എം എം.എൽ.എയും നടനുമായ മുകേഷിനെതിരെയുള്ള ലൈംഗികാരോപണത്തിൽ പ്രതികരണവുമായി നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത്. ജനപ്രധിനിധി കൂടിയായ മുകേഷ് ഇതിന് മറുപടി പറയാൻ ബാദ്ധ്യതയുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഇപ്പോൾ തുടർച്ചയായി പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ സ്വാഗതം ചെയ്യുന്നു. ഇത്തരം ആൾക്കാർക്കെതിരെ താൻ ശക്തമായി നടപടി മുമ്പേ സ്വീകരിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു. കുറവുകൾ നോക്കി അമ്മ നടപടിയെടുക്കുകയാണെങ്കിൽ എല്ലാവർക്കുമെതിരെ നടപടി സ്വീകരിക്കേണ്ടി വരുമെന്നും അവർ വ്യക്തമാക്കി.

വിഷയത്തിൽ എന്താണ് യാഥാർത്ഥ്യമെന്ന് മുകേഷ് വ്യക്തമാക്കണം. എന്ത് പറഞ്ഞാലും പെണ്ണ് ഉടൻ നുണ പറയുന്നു, ഇല്ലാക്കഥ പറയുന്നു എന്നാണല്ലോ പൊതുവെ നമ്മൾ കണ്ടുവരുന്നത്. ഈ സാഹചര്യത്തിൽ മുകേഷ് തന്നെ പറയട്ടെ എന്താണ് സംഭവിച്ചതെന്ന്- ഭാഗ്യലക്ഷ്മി പറഞ്ഞു.

ഇത്തരം തുറന്നുപറച്ചിലുകൾ ഗൗരവമുള്ളതാണ്. ഏറെ കാലമായി ഇത്തരം കാര്യങ്ങൾ തുറന്നുപറയാറില്ല. ഈ സാഹചര്യത്തിൽ തുറന്നുപറയുക എന്നത് ധീരമായ നടപടിയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം പറഞ്ഞത്.