ന്യൂഡൽഹി: പൊള്ളയായ വാഗ്‌ദ്ധാനങ്ങളും ചില വ്യാജ പ്രചാരണങ്ങളും ഉപയോഗിച്ചാണ് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ കയറിയതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുടെ തുറന്നുപറച്ചിൽ ബി.ജെ.പിയെയും കേന്ദ്രസർക്കാരിനെയും വെട്ടിലാക്കി. ഒരു ചാനൽ റിയാലിറ്റി ഷോയിൽ മന്ത്രി നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. വീഡിയോ ഷെയർ ചെയ്‌ത കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഇപ്പോഴെങ്കിലും ബി.ജെ.പി നേതാക്കൾ സത്യം പറഞ്ഞുവെന്ന് പരിഹസിച്ചു.
റിയാലിറ്റി ഷോയിൽ മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ... അധികാരത്തിൽ എത്താൻ കഴിയില്ലെന്ന് ഞങ്ങൾക്ക് പൂർണമായി ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ് പൊള്ളയായ വാഗ്‌ദ്ധാനങ്ങൾ നൽകാൻ ഉപദേശം ലഭിച്ചത്. അധികാരത്തിൽ എത്തിയില്ലെങ്കിൽ ഇതൊന്നും നടപ്പിലാക്കണ്ടല്ലോ എന്നായിരുന്നു ചിന്ത. എന്നാൽ ഇപ്പോൾ ബി.ജെ.പി നൽകിയ വാഗ്‌ദ്ധാനങ്ങൾ ജനങ്ങൾ ഓർമ്മിപ്പിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ ഇക്കാര്യം ചിരിച്ച് തള്ളി മുന്നോട്ട് പോകാൻ മാത്രമേ തങ്ങൾക്ക് കഴിയൂ.
सही फ़रमाया, जनता भी यही सोचती है कि सरकार ने लोगों के सपनों और उनके भरोसे को अपने लोभ का शिकार बनाया है| pic.twitter.com/zhlKTrKHgU
— Rahul Gandhi (@RahulGandhi) October 9, 2018
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. വ്യാജ വാഗ്‌ദ്ധാനങ്ങൾ നൽകിയാണ് മോദി അധികാരത്തിലെത്തിയതെന്ന കോൺഗ്രസിന്റെ വാദം കേന്ദ്രമന്ത്രി അംഗീകരിക്കുന്നത് നല്ലതാണെന്ന് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജ് പ്രതികരിച്ചു. തൊട്ടുപിന്നാലെ രാഹുൽ ഗാന്ധിയും പ്രതികരണവുമായി രംഗത്തെത്തി. ഗഡ്‌കരി പറഞ്ഞത് ശരി തന്നെയാണ്. രാജ്യത്തെ ജനങ്ങളും ഇപ്പോൾ ഇത് തന്നെയാണ് പറയുന്നതെന്നും രാഹുൽ പരിഹസിച്ചു.
രാജ്യത്തെ തൊഴിലവസരങ്ങൾ കുറയുന്നുവെന്ന് പറഞ്ഞ ഗഡ്‌കരി നേരത്തെയും കേന്ദ്രസർക്കാരിനെ വെട്ടിലാക്കിയിരുന്നു. റിസർവേഷൻ ആവശ്യപ്പെട്ട് മറാത്ത പ്രക്ഷോഭം നടന്നപ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്‌താവന.