sabarimala

തിരുവനന്തപുരം: തന്റെ മണ്ഡലത്തിലൂടെ ശബരിമലയിലേക്ക് സ്ത്രീകളെ കടത്തിവിടില്ലെന്ന് പി.സി.ജോർജ് എം.എൽ.എ പറഞ്ഞു. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ശ്രമിച്ചാൽ കേരളം പടക്കളമാക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകും. പൊലീസ് ഇടപെട്ടാൽ വിശ്വാസം സംരക്ഷിക്കാനെത്തുന്നവർക്കൊപ്പം എന്തുവില കൊടുത്തും യുവതികളെ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ശബരിമലയിലേക്ക് വരുന്ന സ്ത്രീകളെ തടയില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. എന്നാൽ വിശ്വാസികളായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കാൻ ശ്രമിച്ചാൽ വലിയ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഉറപ്പാണെന്ന് പി.സി.ജോർജ് പറഞ്ഞു.ഈ സാഹചര്യം മനസിലാക്കി സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ സാവകാശം തേടണം. ആർക്കും ഏതവസരത്തിലും കുതിര കയറാനുള്ളതല്ല ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കളുടെ വിശ്വാസാചാരങ്ങൾ. എന്തും സഹിക്കുന്നവരാണെന്ന ചിന്തയിൽ നിന്നാണ് അയ്യപ്പ ചൈതന്യത്തിന് നേരെയുള്ള വെല്ലുവിളി ഉയരുന്നത്. നവകേരള നിർമാണം നടക്കുന്ന ഈ സമയത്ത് വലിയ സമരങ്ങൾ ഉയർന്ന് വരുന്നത് തടയേണ്ടത് സർക്കാരാണ്. ഹൈന്ദവരുടെ മുകളിൽ കൊടി കെട്ടിയുള്ള രാഷ്ട്രീയ മുതലെടുപ്പുകൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എരുമേലിയിൽ വിശ്വാസ സംരക്ഷണ സത്യാഗ്രഹ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

അതേസമയം, അവിശ്വാസികളെ ശബരിമലയിൽ എത്തിക്കാൻ ശ്രമിക്കുന്ന സർക്കാർ വിശ്വാസികളായ ഹിന്ദുക്കൾക്ക് ശബരിമലയിൽ പോകാൻ അവസരം ഒരുക്കണമെന്ന് എം.ടി.രമേശ് ആവശ്യപ്പെട്ടു. പമ്പയിലെ ഇന്നത്തെ അവസ്ഥ വിശ്വാസികൾക്ക് സൗകര്യമായി ദർശനം നടത്തിവരാവുന്ന രീതിയിലല്ല. ശബരിമലയെ കേന്ദ്രസർക്കാർ ദേശീയ തീർത്ഥാടന കേന്ദ്രമായി അംഗീകരിക്കണമെന്ന ആവശ്യമൊന്നും നടപ്പാകുന്ന കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.