ന്യൂഡൽഹി: ഉടൻ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയാണെന്ന് അഭിപ്രായ വോട്ടെടുപ്പ് സർവേ ഫലം. ഇപ്പോൾ ബി.ജെ.പി ഭരണം നിലനിൽക്കുന്ന രാജസ്ഥാനിലും ചത്തീസ്ഗഡിലും കോൺഗ്രസ് അധികാരം നേടും. മദ്ധ്യപ്രദേശിൽ മാത്രമേ ബി.ജെ.പിക്ക് ഭരണം നിലനിറുത്താൻ കഴിയുകയുള്ളൂവെന്നും സർവേയിൽ പറയുന്നു. ഈ സംസ്ഥാനങ്ങളിൽ നേടുന്ന വിജയം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾക്ക് ശക്തമായ ആത്മവിശ്വാസം നൽകുമെന്നും ഒരു ദേശീയ മാദ്ധ്യമം പുറത്തിറക്കിയ സർവേ ഫലത്തിൽ പറയുന്നു. സി വോട്ടർ, ഐഇ ടെക്ക് ഗ്രൂപ്പ്, ടൈംസ് നൗ തുടങ്ങിയ സ്ഥാപനങ്ങൾ നടത്തിയ സർവേയെ അടിസ്ഥാനമാക്കിയാണ് അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്.
മദ്ധ്യപ്രദേശിലെ ആകെയുള്ള 230 സീറ്റിൽ 126 സീറ്റിന്റെ ഭൂരിപക്ഷവുമായി ബി.ജെ.പി അധികാരം പിടിക്കും. എന്നാൽ കഴിഞ്ഞ തവണ ബി.ജെ.പി നേടിയത് 165 സീറ്റാണെന്നും സർവേ ഓർമിപ്പിക്കുന്നു. 2013ലെ തിരഞ്ഞെടുപ്പിനേക്കാൾ നില മെച്ചപ്പെടുത്തുന്ന കോൺഗ്രസ് 58ൽ നിന്നും 97 സീറ്റുകളിലേക്കെത്തും. ഇവിടെ ഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റുകളാണ്.
രാജസ്ഥാനിൽ ഇത്തവണ ബി.ജെ.പിയെ വോട്ടർമാർ പുറത്താക്കുമെന്നാണ് അഭിപ്രായ സർവേ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 21 സീറ്റുകളിൽ ഒതുങ്ങിപ്പോയ കോൺഗ്രസ് 129 സീറ്റുകളുമായി സംസ്ഥാനത്ത് അധികാരം പിടിക്കും. ആകെയുള്ള 200 സീറ്റിൽ ബി.ജെ.പിക്ക് 63 സീറ്റുകൾ ലഭിക്കും. കഴിഞ്ഞ തവണ 163 സീറ്റുകൾ ബി.ജെ.പിക്ക് ലഭിച്ചിരുന്നു. 101 സീറ്റാണ് രാജസ്ഥാൻ നിയമസഭയിലേക്ക് വേണ്ട ഭൂരിപക്ഷം.
ബി.ജെ.പി ഭരണം നിലനിൽക്കുന്ന മറ്റൊരു സംസ്ഥാനമായ ചത്തീസ്ഗഡിൽ ഭൂരിപക്ഷം കുറയുമെങ്കിലും അധികാരം പിടിക്കുന്നത് കോൺഗ്രസ് തന്നെയായിരിക്കും. 90 അംഗങ്ങളുള്ള നിയമസഭയിൽ കോൺഗ്രസിന് 47 അംഗങ്ങളെ ലഭിക്കും. ബി.ജെ.പിക്ക് 39 സീറ്റുകളും ലഭിക്കും. കഴിഞ്ഞ തവണ ഇരുപാർട്ടികൾക്കും യഥാക്രമം 39,49 എന്നിങ്ങനെയാണ് സീറ്റുകൾ ലഭിച്ചത്. ഇവിടെ ഭൂരിപക്ഷത്തിന് വേണ്ടത് 46 സീറ്റുകളാണ്. നിയമസഭ നേരത്തെ പിരിച്ച് വിട്ട് തിരഞ്ഞെടുപ്പിനെ നേരിടുന്ന തെലങ്കാന രാഷ്ട്ര സമിതി ബി.ജെ.പിയെയും കോൺഗ്രസിനെയും പിന്നിലാക്കി വീണ്ടും സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും സർവേയിൽ പറയുന്നു.