ksu-leader-attcked

ആലപ്പുഴ:കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയും ആലപ്പുഴ കാർത്തികപ്പള്ളി പഞ്ചായത്തംഗവുമായ ആർ.റോഷന്  വെട്ടേറ്റു. ചൊവ്വാഴ്‌ച  രാത്രി  ഒമ്പതോടെ  ഹരിപ്പാട്  വച്ചാണ്  ഇയാളെ  മൂന്ന്  ബൈക്കുകളിലെത്തിയ  ആറംഗ  സംഘം  ആക്രമിച്ചത്.  മാരകായുധങ്ങൾ  ഉപയോഗിച്ച്  നടത്തിയ  ആക്രമണം തടുക്കുന്നതിനിടെ റോഷന്റെ കയ്യിൽ ആഴത്തിലുള്ള വെട്ടേറ്റു. പുറകിലും വെട്ടേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ  റോഷനെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചു.  ഇവിടെ ചികിത്സയിൽ കഴിയുന്ന റോഷൻ അപകട നില തരണം ചെയ്‌തെന്നാണ് വിവരം. 

അതേസമയം, ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. പ്രദേശത്ത് ആർ.എസ്.എസ് - കോൺഗ്രസ് സംഘർഷം നിലനിന്നിരുന്നു. ഈ സംഭവങ്ങളുടെ തുടർച്ചയാണ് ആക്രമണമെന്നാണ് കരുതുന്നത്.