തിരുവനന്തപുരം: ഒരു ചാനൽ പരിപാടിക്കിടെ നടനും എം.എൽ.എയുമായ മുകേഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന സിനിമാ അണിയറ പ്രവർത്തകയുടെ ആരോപണത്തിന് പിന്നാലെ കൂടുതൽ തുറന്നുപറച്ചിലുമായി മാദ്ധ്യമ പ്രവർത്തക. മുകേഷിനെതിരെയുള്ളത് ഒറ്റപ്പെട്ട ആരോപണമല്ലെന്നും നിരവധി പെൺകുട്ടികൾക്ക് നേരെ എം.എൽ.എ മോശമായി പെരുമാറിയിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്‌റ്റിൽ ഇവർ ആരോപിക്കുന്നു. താരത്തിന്റെ അഭിമുഖം തയ്യാറാക്കാനായി എത്തിയ ഒരു മലയാളി മാദ്ധ്യമ പ്രവർത്തകയോട് മുകേഷ് ലൈംഗികച്ചുവയോടെ സംസാരിച്ചു. പെൺകുട്ടിക്ക് താത്പര്യമില്ലാതിരുന്നിട്ടും താരം അവരുടെ തോളിൽ കൈയ്യിട്ടുവെന്നും ഫേസ്ബുക്ക് പോസ്‌റ്റിൽ ആരോപിക്കുന്നു.
19 വർഷംമുമ്പ് ചെന്നൈയിൽവച്ച് ചാനൽ പരിപാടിയുടെ ചിത്രീകരണത്തിനിടെ മോശം പെരുമാറ്റമുണ്ടായെന്ന് മുംബയിലെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. പരിപാടിയുടെ അവതാരകനായ മുകേഷ് നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയും ഹോട്ടലിൽ അദ്ദേഹം തങ്ങിയ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് മാറാൻ നിർബന്ധിച്ചുവെന്നും അന്ന് ഇരുപതു വയസുള്ള ടെസ് ജോസഫ് പറയുന്നു. ഫോണിലൂടെ നിരന്തരം വിളിവന്നതിനെ തുടർന്ന് പരിപാടിയിൽ നിന്ന് പിന്മാറി. തന്റെ മേധാവിയും ഇപ്പോൾ തൃണമൂൽ കോൺഗ്രസ് എം.പിയുമായ ഡെറിക്ക് ഒബ്രെയിനോട് വിവരം പറഞ്ഞു. അദ്ദേഹം അടുത്ത വിമാനത്തിൽ കൊൽക്കത്തയിലേക്ക് മടങ്ങാൻ ടിക്കറ്റ് അയച്ചുതന്ന് സഹായിച്ചെന്നും ടെസ് വെളിപ്പെടുത്തി. എന്നാൽ ഇങ്ങനെയൊരു കാര്യം തന്റെ ഓർമയിലില്ലെന്നാണ് താരത്തിന്റെ പ്രതികരണം.
എന്നാൽ മുകേഷിനെതിരായ ആരോപണം രാഷ്ട്രീയ വൽക്കരിക്കരുതെന്നും നിയമപരമായ ഒരു നടപടിയും സ്വീകരിക്കില്ലെന്നുമാണ് ടെസ് ജോസഫിന്റെ പ്രതികരണം. ഇതെന്റെ ജീവിതമാണ്. നിങ്ങളുടെ രാഷ്ട്രീയ താതപര്യങ്ങൾ തീർക്കാനുള്ളതല്ല. മുകേഷിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയതും രാഷ്ട്രീയമായി വിഷയത്തെ ഉപയോഗിച്ചതും തെറ്റാണെന്നും ടെസ കൂട്ടിച്ചേർത്തു.