റായ്ബറേലി: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ട്രെയിൻ പാളം തെറ്റി അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുകയാണ്.
റായ്ബറേലിയിലെ ഹർചന്ദൻപൂർ സ്റ്രേഷന് സമീപത്ത് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. മാൽഡയിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന ന്യൂ ഫറാക്ക എക്‌സ്‌പ്രസിന്റെ എഞ്ചിനും അഞ്ച് ബോഗികളുമാണ് പാളം തെറ്റിയത്. പാളം തെറ്റാനുണ്ടായ കാരണം അറിവായിട്ടില്ല.
അപകടവിവരം അറിഞ്ഞ് ലക്‌നൗവിലും വാരാണസിയിൽ നിന്നും ദുരന്തനിവാരണ സേനാംഗങ്ങൾ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. റെയിൽവേ ബോർഡ് ചെയർമാൻ അശ്വിനി ലൊഹാനിയും റായ്ബറേലിയിലേക്ക് പോയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അപകടത്തിൽപ്പെട്ടവർക്ക് ചികിത്സ നൽകാനും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.