ഭുവനേശ്വേർ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷ, ആന്ധ്രാപ്രദേശ് തീരങ്ങളിലേക്ക്. ഇവിടെ മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്നും അടുത്ത രണ്ട് ദിവസങ്ങളിൽ ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഒഡീഷയിലും ആന്ധ്രയുടെ തീരപ്രദേശങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് സാദ്ധ്യത കണക്കിലെടുത്ത് ഒഡീഷയിലെ ഗജപതി, ഗഞ്ജാം, പുരി, ജഗത്സിംഗ്പുർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് സാദ്ധ്യത കണക്കിലെടുത്ത് എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി ആദിത്യ പ്രസാദ് പാദി പറഞ്ഞു.