vt-balram

 കാസർകോട് കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വി.ടി.ബൽറാം എം.എൽ.എ. സർവകലാശാലയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു എന്ന കുറ്റം ചുമത്തി പുറത്താക്കിയ ഗവേഷക വിദ്യാർത്ഥി അഖിൽ താഴത്ത് ആത്മഹത്യയ്ക്ക്  ശ്രമിച്ചിരുന്നു. വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം ചാൻസലറടക്കമുള്ള ഉന്നതാധികാരികളുടെ മാനസിക പീഡനത്തെ തുടർന്നാണെന്ന് കരുതേണ്ടിയിരിക്കുന്നു എന്ന് വി.ടി.ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇതിന് മുൻപും സമാനമായ കുറ്റം ചുമത്തി ഒരു അധ്യാപകനെതിരേയും സർവ്വകലാശാല  വേട്ടയാടലുകൾ നടത്തിയിരുന്നുവെന്ന ഗുരുതരമായ ആരോപണവും എം.എൽ.എ ഉന്നയിക്കുന്നു. കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനം ഇത്തരത്തിൽ പ്രവർത്തിക്കുന്നത് ഒട്ടും ആശ്വാസ്യകരമല്ലെന്നും ഹൈദരാബാദല്ല കാസർകോടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കാസർക്കോട് കേന്ദ്ര സർവ്വകലാശാലയിൽ ഒരു വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നു. ഫേസ്ബുക്കിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ സർവ്വകലാശാലയിൽ നിന്ന് പുറത്താക്കിയതിനേത്തുടർന്നാണ് ആത്മഹത്യാശ്രമം. വൈസ് ചാൻസലറടക്കമുള്ള ഉന്നതാധികാരികളുടെ മാനസിക പീഡനമാണ് ഇതിലേക്ക് നയിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു. നേരത്തെ സമാന കാരണങ്ങളാൽ ഒരു അധ്യാപകനെതിരേയും സർവ്വകലാശാല ഇത്തരം വേട്ടയാടലുകൾ നടത്തിയിരുന്നു.

കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് ഈ നിലയിലുള്ള പ്രവർത്തനം ഒട്ടും ആശാസ്യമല്ല. ഗൗരവതരമായ ഇടപെടലുകൾ ഈ സർവ്വകലാശാലയുടെ കാര്യത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. ഹൈദരാബാദല്ല കാസർക്കോട് എന്ന് നമുക്ക് ഉറപ്പിക്കേണ്ടതായിട്ടുണ്ട്.