sunni-mosque

കോഴിക്കോട്: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെ സുന്നി പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരോഗമന മുസ്ലീം സംഘടനകളും നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു. ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഉടൻ ഹർജി നൽകുമെന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പുരോഗമന മുസ്ലീം സ്ത്രീ സംഘടനയായ നിസ പറഞ്ഞു.

സുന്നി പള്ളികളിൽ സ്ത്രീപ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് ചേകന്നൂർ മൗലവി സ്ഥാപിച്ച ഖുറാൻ സുന്നത്ത് സൊസെെറ്റിയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ആചാരങ്ങളിൽ മാറ്റം വരുത്താനാവില്ലെന്ന് ഇ.കെ സുന്നി വിഭാഗം നിലപാട് അറിയിക്കുമ്പോൾ സ്ത്രീപ്രവേശന വിഷയത്തോട് പ്രതികരിക്കാൻ എ.പി സുന്നികൾ തയ്യാറായിട്ടില്ല.

അതിനിടെ സുന്നി പള്ളികളിൽ സ്ത്രീകൾക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി കെ.ടി ജലീലും നടത്തിയ പ്രസ്താവനകൾ സുന്നികളെ ചൊടിപ്പിച്ചിട്ടുണ്ട്.