മോഹൻലാലിനെ നായകനാക്കി പരസ്യസംവിധായകനായ വി.എ.ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ എന്ന സിനിമയുടെ കിടിലൻ ടീസറെത്തി. ഒടിയൻ - ഇരുട്ടിന്റെ, രാത്രിയുടെ രാജാവ് എന്ന് പറഞ്ഞു കൊണ്ടാണ് ടീസറിന്റെ തുടക്കം. മോഹൻലാലിന്റെ മാസ് ഡയലോഗുകൾ കൊണ്ട് സന്പുഷ്ടമായ ടീസർ ദുരൂഹതയും ആവേശവും ഉണർത്തുന്നതാണ്.
ഇനി ഒടി വയ്ക്കാൻ പോകുന്നത് ഇവനെയാണ്. എന്റെ എത്ര കളി കണ്ടിട്ടുള്ളതാ നീ. ഒടുക്കത്തെ ഈ കളി കൂടെ നീയൊന്ന് കാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഒരു മിനിട്ടും 27 സെക്കൻഡുമുള്ള ടീസർ അവസാനിക്കുന്നത്.
ഒടിയൻ മാണിക്യനായി മോഹൻലാൽ എത്തുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായികയാകുന്നത്. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. തെന്നിന്ത്യൻ താരം പ്രകാശ് രാജ് വില്ലനാകുന്നു. പുലിമുരുകന് ശേഷം പീറ്റർ ഹെയ്ൻ സംഘട്ടനം ഒരുക്കുന്ന മലയാള ചിത്രം കൂടിയാണ് ഒടിയൻ. സിദ്ധിഖ്, ഇന്നസെന്റ്, നരേൻ, മനോജ് ജോഷി, കൈലാഷ്, സന അൽത്താഫ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. തിരക്കഥ: ഹരികൃഷ്ണൻ. സംഗീതം: എം. ജയചന്ദ്രൻ, ഛായാഗ്രഹണം: ഷാജി കുമാർ.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.