തിരുവനന്തപുരം: ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേള ചെലവ് ചുരുക്കി നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ അറിയിച്ചു. അതേസമയം, ചലച്ചിത്ര മേളയുടെ ഫീസ് 2000 രൂപയായി ഉയർത്താനും തീരുമാനമായിട്ടുണ്ട്. ഡിസംബർ ഏഴ് മുതൽ 13 വരെയാണ് ചലച്ചിത്ര മേള നടക്കുക.
കഴിഞ്ഞ വർഷം മേളയ്‌ക്ക് ആറ് കോടി രൂപയാണ് ചെലവായത്. ഇത്തവണ മൂന്ന് കോടിക്ക് നടത്താനുള്ള നിർദ്ദേശം ചലച്ചിത്ര അക്കാദമി നേരത്തെ തയ്യാറാക്കിയിരുന്നു. നിലവിലുള്ള ഡെലിഗേറ്റ് പാസ് ഉയർത്തുന്നതിലൂടെ രണ്ട് കോടി രൂപ ലഭിക്കാൻ അക്കാദമിക്ക് സാധിക്കുമെന്നാണ് കണക്ക് കൂട്ടൽ. ബാക്കി ഒരു കോടി പദ്ധതി വിഹിതത്തിൽ നിന്ന് ചെലവഴിച്ചാൽ മതി.
പ്രളയക്കെടുതിയുടെ പേരിൽ ചലച്ചിത്രോത്സവം ഉപേക്ഷിക്കുകയാണെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും വിവിധ കേന്ദ്രങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ഇക്കാര്യം പിൻവലിച്ച് ചെലവ് കുറച്ച് ചലച്ചിത്ര മേള നടത്താൻ തീരുമാനിക്കുകയായിരുന്നു.