\'മാറിവരുന്ന ലോകവും യുവജനങ്ങളുടെ മാനസികാരോഗ്യവും\\' എന്നതാണ് ലോക മാനസികാരോഗ്യ ദിനത്തിന്റെ ഈ വർഷത്തെ പ്രമേയം. ഡബ്ള്യു.എച്ച്.ഒയുടെ കണക്കുപ്രകാരം പകുതിയോളം മാനസിക പ്രശ്നങ്ങൾ തുടങ്ങുന്നത് 14 ാം വയസുമുതലാണ്. അത് തിരിച്ചറിയാതെ പോകുന്നതിനാൽ കൃത്യമായ ചികിത്സയും ലഭിക്കുന്നില്ല.
ചെറുപ്പക്കാരിൽ ഉണ്ടാകുന്ന മാനസികപ്രശ്നങ്ങളിൽ പ്രധാനമായും കണ്ടുവരുന്നത് ഡിപ്രഷൻ ആണ്. 15നും 29നും ഇടയിൽ പ്രായമുള്ളവരുടെ മരണകാരണങ്ങളിൽ രണ്ടാംസ്ഥാനം ആത്മഹത്യയ്ക്കാണ്. മദ്യപാനവും മറ്റുലഹരികളുടെ ഉപയോഗവും ചെറുപ്പക്കാരിൽ കണ്ടുവരുന്ന മാനസികപ്രശ്നം തന്നെ. അനാരോഗ്യകരമായ ലൈംഗികശീലങ്ങളും അമിതവേഗതയിലുള്ള വാഹനയോട്ടവും ഒക്കെ ഈ പ്രായക്കാരിൽ ഒരു ഹരമായി മാറുന്നു.
കൗമാരപ്രായത്തിലും യൗവനത്തിലുമാണ് ജീവിതത്തിലെ പല മാറ്റങ്ങളും സംഭവിക്കുന്നത്. ഉദാഹരണത്തിന് സ്‌കൂൾകോളേജ് മാറുക, പുതിയ ജോലിയിൽ പ്രവേശിക്കുക തുടങ്ങിയവ. ഈ സാഹചര്യങ്ങളിൽ സമ്മർദം സ്വാഭാവികമായി കൂടുതൽ ആയിരിക്കും. ഇവതരണം ചെയ്യാൻ പറ്റുന്നില്ലെന്നുള്ളതാണ് പ്രശ്നമാകുന്നത്. നവമാധ്യമങ്ങളിൽ ചെറുപ്പക്കാർ അടിമപ്പെട്ടുപോകുന്നു. നിംഹാൻസിന്റെ പഠനം കാണിക്കുന്നത് കേരളത്തിൽ 70 ശതമാനം ചെറുപ്പക്കാരും ഇന്റർനെറ്റ് അഡിക്ഷൻ ഡിസോർഡർ എന്ന ന്യൂജനറേഷൻ മാനസിക രോഗത്തിന്റെ പിടിയിലാണെന്നാണ്.
നാം ജീവിക്കുന്ന സാഹചര്യങ്ങളിൽ നിന്ന് ഉടലെടുക്കുന്ന വിശ്വാസങ്ങളാണ് മാനസിക പ്രശ്നത്തിന്റെ മുഖ്യകാരണം. ഒരു കുട്ടിയുടെ വിശ്വാസം രൂപപെടുന്നതിൽ മാതാപിതാക്കൾക്ക് പ്രധാന പങ്കുവഹിക്കാനുണ്ട്. ഉദാഹരണത്തിന് ഒരു പെൺകുട്ടിക്കു ഹോസ്റ്റലിൽ നിൽക്കാൻ പറ്റുന്നില്ല, കാരണം കുട്ടി ബാത്ത് റൂമിൽ 12 മണിക്കൂർ സമയം എടുക്കുന്നു എന്നതായിരുന്നു. പ്രശ്നം തുടങ്ങുന്നത് വീട്ടിൽനിന്നാണ്. കുട്ടിയുടെ അമ്മ അമിതവൃത്തിയുടെ ആളാണ്. തൃപ്തി കിട്ടുന്നത് വരെ പാത്രം കഴുകും, ബാത്ത്രൂമിൽ മണിക്കൂർ ചെലവഴിക്കും. ഇതവർക്കൊരു പ്രശ്നമായി തോന്നിയില്ല. എന്നാൽ കുട്ടിയുടെ ജീവിതം വഴിമുട്ടിയപ്പോൾ ഇതൊരു മാനസികപ്രശ്നമായി അവർ ഉൾക്കൊള്ളുന്നു. അച്ഛനമ്മമാരുടെ കർശനമായ പെരുമാറ്റം ഭാവിയിൽ കുട്ടിയെ ആൾക്കാരുമായി ഇടപഴകാൻ ബുദ്ധിമുട്ടുള്ള ഒരാളായി മാറ്റാൻ സാധ്യതകൂടുന്നു. (തുടരും)
ഡോ. കെ.ജി രാജേഷ്,
സൈക്കോളജിസ്റ്റ്,
ലീപ്പ് കൗൺസിലിംഗ് സെന്റർ,
കണ്ണൂർ
മൊബൈൽ: 9388776640, 8089279619