ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ റാഫേൽ ഇടപാടിൽ കേന്ദ്രസർക്കാരിന് തിരിച്ചടിയായി സുപ്രീം കോടതിയുടെ നിരീക്ഷണം. ഒക്ടോബർ 29ന് മുമ്പ് 36 വിമാനങ്ങൾ വാങ്ങാൻ ഫ്രാൻസുമായി ഒപ്പു വച്ച കരാർ മുദ്ര വച്ച കവറിൽ സുപ്രീം കോടതിക്ക് മുമ്പാകെ ഹാജരാക്കിക്കൂടേയെന്ന് കോടതി ചോദിച്ചു.
എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എതിർ കക്ഷി ആയതിനാൽ നോട്ടീസ് അയക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് നേരിട്ട് നോട്ടീസ് കിട്ടിയാൽ തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയമായി അത് ഉപയോഗിക്കുമെന്ന് കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചു.
അഭിഭാഷകനായ എം.എൽ ശർമ്മ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇടപാടിന് പാർലമെന്റിന്റെ അംഗീകാരമില്ലെന്നും അഴിമതിയുടെ കറ പുരണ്ടിട്ടുണ്ടെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.