വിജയയ്ക്കു പിന്നാലെ അവിടേക്ക് ഓടി വന്ന അനൂപ് കാണുന്നത് പെങ്ങൾ വീഴുന്നതാണ്.
''വിജയേ..' അയാൾ അവളെ താങ്ങിയെണീൽപ്പിച്ച് ഒരു ഭാഗത്തേക്കു മാറ്റി:
''ആരെങ്കിലും കുറച്ചു വെള്ളം കൊണ്ടുവരുമോ?\'
ആരോടെന്നില്ലാതെയായിരുന്നു അനൂപിന്റെ ചോദ്യം.
ആ നേരത്ത് എവിടെനിന്നു വെള്ളം കൊണ്ടുവരുവാൻ? എങ്കിലും അവിടെ ഓടിക്കൂടിയിരുന്ന സമീപവാസികളിൽ ഒരു സ്ത്രീ കോളേജ് പൈപ്പിനരുകിലേക്കോടി...
ഒരു വാഴയില കീറിയെടുത്ത് അതിൽ വെള്ളം കൊണ്ടുവന്ന് വിജയയുടെ മുഖത്തു തളിച്ചു.
അവൾ കണ്ണു തുറക്കുന്നതുവരെ കാത്തുനിന്നില്ല അനൂപ്.
''ഇവളെ ഒന്നു ശ്രദ്ധിച്ചോണേ..'
സ്ത്രീകളോടു പറഞ്ഞിട്ട് അയാൾ വീണ്ടും ആൾക്കൂട്ടത്തിനു നേർക്ക് ഓടി.
അപ്പോഴേക്കും സൈറനിട്ടുകൊണ്ട് പോലീസിന്റെ ഒരു ബൊലേറോ ഗേറ്റു കടന്നു വന്നു.
സി.ഐ അലക്സ് എബ്രഹാമും സംഘവും!
അവരും ഓടിയെത്തി.
ആരോ അവർക്കും ടോർച്ചു തെളിച്ചുകൊടുത്തു.
ആ വെളിച്ചത്തിൽ അനൂപും പോലീസ് ഉദ്യോഗസ്ഥരും കണ്ടു...
ചേറിൽ ചവുട്ടി കുഴച്ചിട്ടിരിക്കുന്നതുപോലെ ചോരയിൽ കുളിച്ച് അവൻ! സത്യൻ!
ഉപ്പു വീണതു പോലെ അനൂപിന്റെ കണ്ണു നീറി. നെഞ്ചിലേക്ക് തിരമാല കണക്കെ ഒരു നിലവിളി ആർത്തലച്ചു വന്നു...
''സത്യാ...'
ദിക്കറിയാത്തവനെപ്പോലെ തലയിൽ കൈവച്ച് അനൂപ് അവിടെ കുത്തിയിരുന്നു...
അല്പനേരം കഴിഞ്ഞു.
അനൂപിന്റെ തോളിൽ ഒരു കരം അമർന്നു.
അയാൾ മെല്ലെ തിരിഞ്ഞു.
സി.ഐ അലക്സ് എബ്രഹാം!
''അനൂപ് വരൂ...'
''സാർ...' പിടിച്ചു നിർത്തിയിരുന്ന അനൂപിന്റെ നിലവിളി ഉച്ചത്തിലായി. \'\'ഇവനെ ഒന്നു ഹോസ്പിറ്റലിൽ കൊണ്ടുപോയാലോ... ജീവന്റെ ഒരു കണികയെങ്കിലും ബാക്കിയുണ്ടങ്കിലോ..'
ഒരു നിമിഷനേരത്തേക്കു മിണ്ടിയില്ല സി.ഐ.
പിന്നെ അയാളുടെ ചുണ്ടു ചലിച്ചു: ''സോറി അനൂപ്...'
അനൂപിന്റെ കണ്ണുകളിൽ ഇരുൾ തിങ്ങി. മണിക്കൂറുകൾക്കു മുൻപു വരെ കൂടെയുണ്ടായിരുന്ന അനുജൻ...
നാളെ ന്യൂ കമേഴ്സിനെ വരവേൽക്കാൻ കാത്തുനിന്നവൻ..
ഇപ്പോൾ അവനില്ല!!!
ആ മഹായാഥാർത്ഥ്യം അംഗീകരിക്കുവാൻ കഴിയുന്നില്ല അനൂപിന്റെ മനസ്സിന്.
ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പുതിയൊരു രക്തസാക്ഷി കൂടി...
അലക്സ് എബ്രഹാം അനൂപിനെ അല്പം ബലമായിത്തന്നെ അവിടെ നിന്നു മാറ്റി. വിജയയുടെ അരികിൽ കൊണ്ടിരുത്തി.
വിജയയ്ക്ക് സ്വബോധം വീണ്ടുകിട്ടിയിരുന്നു. സ്ത്രീകൾ ബലമായി അവളെ പിടിച്ചിരുത്തിയിരിക്കുകയായിരുന്നു.
ഏട്ടനെ കണ്ടതോടെ അവളുടെ സങ്കടം വീണ്ടും അണപൊട്ടി.
തേങ്ങലോടെ അവൾ അനൂപിന്റെ മടിയിലേക്കു വീണു....
സി.ഐ അലക്സ് എബ്രഹാം ജനങ്ങളിൽ നിന്ന് കാര്യങ്ങൾ കുറേയൊക്കെ ചോദിച്ചറിഞ്ഞു.
കൊലപാതകം നേരിൽ കണ്ട വാച്ചർ പരമേശ്വരനാണ് ഓടിപ്പോയി ജനങ്ങളെ വിവരമറിയിച്ചത്...
എല്ലാവരും ഓടിയെത്തിയപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു.
അലക്സ് എബ്രഹാം, പരമേശ്വരനെ തിരഞ്ഞു.
പക്ഷേ അയാളെ പിന്നീട് ആരും കണ്ടില്ല...
കൂടുതൽ പോലീസിനെ കോളേജിലേക്കു വിന്യസിക്കപ്പെട്ടു.
വിവരമറിഞ്ഞ അനൂപിന്റെ പാർട്ടിക്കാർ പാഞ്ഞെത്തി തുടങ്ങി. നേരം പുലരും മുൻപു തന്നെ എതിർ വിദ്യാർത്ഥി ഗ്രൂപ്പാണ് കൊലപാതകത്തിനു പിന്നിൽ എന്ന് ചാനലുകളിൽ വാർത്ത പ്രത്യക്ഷപ്പെട്ടു.
നടപടികൾ പൂർത്തിയാക്കി മൃതദേഹം പോലീസ് ഏറ്റെടുത്തു.
കൊടികളും ബാനറുകളും പോസ്റ്ററുകളുംതകർക്കപ്പെട്ടിരിക്കുന്നത്സത്യന്റെ എതിർ ഗ്രൂപ്പുകാരുടേതാണ്. സത്യനും മറ്റുമാണ് അത് ചെയ്തതെന്നും അതിന്റെ പകയാണ് ആ കൊലപാതകമെന്നും വാർത്ത പരന്നു...
തങ്ങൾ സൗഹാർദ്ദത്തോടെ എല്ലാം ചെയ്തതതിനു ശേഷമാണ് ഇതൊക്കെ നടന്നതെന്ന എതിർ കക്ഷികളുടെ ശബ്ദം ആരും മുഖവിലയ്ക്ക് എടുത്തില്ല...
രാത്രി അവിടെ ഉണ്ടായിരുന്നു എന്നു സമ്മതിച്ച വിദ്യാർത്ഥി നേതാക്കൾ അറസ്റ്റിലായി....
അപ്പോഴും ഒരു ചോദ്യം ബാക്കി നിന്നു.
എല്ലാത്തിനും ഐവിറ്റ്നസ്സ് ആയ വാച്ചർ പരമേശ്വരൻ എവിടെ (തുടരും)