തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നേടിയെടുത്തത് ആർ.എസ്.എസിന്റെ വനിതാ വിഭാഗമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും ശബരിമലയിൽ പ്രവേശിക്കുന്നതിൽ നിന്നും സ്ത്രീകളെ ആർക്കും തടയാൻ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''ശബരിമലയിൽ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് 12 വർഷം പ്രക്ഷോഭം നടത്തിയത് അമി് ഷായോടെ അടുപ്പമുള്ള വനിതാ നേതാക്കളാണ്. അനുകൂല വിധി നേടിയതിന് ശേഷം ജനങ്ങളെ തെരുവിൽ ഇറക്കുന്നതും അക്രമം അഴിച്ചു വിടുന്നതും ശരിയായ കാര്യമല്ല. വിധിക്കെതിരെ നിയമം, കൊണ്ട് വരാൻ കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടത് ബി.ജെ.പി ആണ്"- കടകംപള്ളി പറഞ്ഞു.
''ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെയുള്ള വിശ്വാസികളുടെ വികാരത്തെ സർക്കാർ മാനിക്കുന്നുണ്ട്. ഇത്തരം ഒരു വിഷയത്തിൽ എതിർപ്പുകൾ സ്വാഭാവികമാണ്. സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സർക്കാർ ചെയ്തത്. സർക്കാരിനെതിരെ സമരം നടത്തിയിട്ടോ പുലഭ്യം പറഞ്ഞിട്ടോ കാര്യമില്ല. വിധിക്കെതിരെ കോടതിയെ സമീപിച്ച എൻ.എസ്.എസ് നിലപാടാണ് ശരി. അല്ലാതെ തെരുവിൽ ഇറങ്ങി സമരം ചെയ്യുകയല്ല വേണ്ടത്. സാമൂഹിക മാറ്റങ്ങൾ ഉണ്ടായപ്പോളെല്ലാം ഇത്തരം എതിർപ്പുകൾ ഉയർന്ന് വന്നിട്ടുണ്ട്. ആരുമായും ചർച്ചയക്ക് തയ്യാറാണ്. പക്ഷേ ഭരണഘടനാ ബാദ്ധ്യത ആരും വിസ്മരിക്കരുത്"- അദ്ദേഹം പറഞ്ഞു.