എഡിൻബർഗ്:ജയിൽപുള്ളിയായിരുന്ന യുവാവിനൊപ്പം അവധിയാഘോഷിക്കാൻ ജയിൽ ജീവനക്കാരി ജോലി ഉപേക്ഷിച്ചു. സ്‌കോട്ട്ലൻഡിൽ ലോതിയാനിലെ ആഡിവെൽ ജയിലിലെ വാർഡനായിരുന്ന ക്രിസ്റ്റി ഡേവിഡ്സൺ എന്ന ഇരുപത്തിനാലുകാരിയാണ് ജോലി പുഷ്പം പോലെ വലിച്ചെറിഞ്ഞത്. മുപ്പത്തൊന്നുകാരനാണ് ക്രിസ്റ്റിയുടെകാമുകൻ. തുർക്കിയിൽ വച്ച് ഇരുവരെയും മറ്റൊരു ജയിൽ ജീവനക്കാരൻ കണ്ടുമുട്ടിയതോടെയാണ് പ്രണയം പുറത്തറിഞ്ഞത്.കാമുകൻ ജയിൽ മോചിതനായി ദിവസങ്ങൾക്കുള്ളിൽത്തന്നെ ക്രിസ്റ്റി ജോലി ഉപേക്ഷിച്ചിരുന്നു.
എന്നാൽ കാരണംആരോടും പറഞ്ഞില്ല. വ്യക്തിപരമായ കാര്യങ്ങളാൽ രാജിവയ്ക്കുന്നു എന്നു മാത്രമാണ് രാജിക്കത്തിൽ പറഞ്ഞിരുന്നത്. ബന്ധം പരസ്യമായതിനു പിന്നാലെ കാമുകനോടൊപ്പമുള്ള ചിത്രങ്ങൾ തന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിമിഷങ്ങളെന്ന തലക്കെട്ടോടെയാണ് ക്രിസ്റ്റി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.സംഭവം പുറത്തറിഞ്ഞതോടെ കാമുകന് വഴിവിട്ട സഹായം ചെയ്തു എന്ന സംശയത്തിൽ ക്രിസ്റ്റിക്കെതിരെ അന്വേഷണം ആരംഭിച്ചു. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും ആരെ പ്രേമിക്കണമെന്നത് വ്യക്തിപരമായ കാര്യമാണെന്നുമാണ് ക്രിസ്റ്റി പറയുന്നത്.