അറുപതിലധികം പുതുമുഖങ്ങളുമായി എത്തുന്ന ചിത്രമാണ് പതിനെട്ടാം പടി. ശങ്കർ രാമകൃഷ്ണൻ തിരക്കഥ ഒരുക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ അതിഥി താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരികയാണ്. മെഗാ സ്റ്റാർ മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജോൺ എബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നതിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സ്‌മോക്കിങ്ങ് പൈപ്പുമായി സ്‌റ്റൈലൻ വേഷത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.
മമ്മൂക്ക ബിക്കംസ് ദി മാസ്റ്റർ മൈൻഡ് എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ ഓഗസ്റ്റ് സിനിമാസ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ബില്ല 2, തുപ്പാക്കി, ആരംഭം തുടങ്ങിയ ചിത്രങ്ങൾക്കായി ആക്ഷൻ ചിട്ടപ്പെടുത്തിയ കെച്ച ആണ് സ്റ്റണ്ട് കൊറിയോഗ്രഫി നടത്തുന്നത്. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ പൃഥ്വിരാജും ടൊവിനോ തോമസും അതിഥി താരങ്ങളായി എത്തുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.