biju

കൊച്ചി: പത്രങ്ങളിൽ വിവാഹപരസ്യം നൽകി യുവതികളെ കബളിപ്പിച്ച് പണവും ആഭരണവും തട്ടിയെടുത്ത് കടന്ന് കളയുന്ന വിവാഹ തട്ടിപ്പ് വീരൻ മാനന്തവാടി കല്ലോടിയിൽ താമസിക്കുന്ന പയ്യന്നൂർ സ്വദേശി ബിജു ആന്റണിക്കെതിരെ (38) പരാതി പ്രളയം. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലേക്ക് നിരവധി പരാതികളാണ് എത്തിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഫോണിലൂടെയാണ് പാരതി നൽകാൻ വിളികളെത്തിയത്. എന്നാൽ, പരാതിക്കാരോട് അതാത് സ്റ്റേഷനിൽ കേസ് നൽകാൻ പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

അമ്പതോളം സ്ത്രീകൾ ഇയാളുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. എണ്ണം ഇതിൽ കൂടാമെന്നും പൊലീസ് പറയുന്നു. പുനർവിവാഹത്തിന് പരസ്യം നൽകിയ ശേഷം ആലോചന വരുന്ന പെൺകുട്ടികളുമായി അടുപ്പം പുലർത്തി പണവും സ്വർണവുമായി മുങ്ങുന്നതാണ് ഇയാളുടെ രീതി. മലപ്പുറം സ്വദേശിനിയുടെ പരാതിയിൽ ഇന്നലെയാണ് ബിജു അറസ്റ്റിലായത്. പണവും സ്വർണവുമായി മുങ്ങിയ പ്രതി വയനാട്ടിലും ഗുണ്ടൽപ്പേട്ടിലും മാറിമാറി താമസിച്ചുവരികയായിരുന്നു. കൽപ്പറ്റ പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. അതേസമയം, ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങുകയാണ് പൊലീസ്. കസ്റ്റഡി അപേക്ഷ ഇന്ന് സമർപ്പിച്ചേക്കും.

50കാരിയും കുടുങ്ങി

25 മുതൽ 50 വയസുള്ളവർ വരെ ബിജുവിന്റെ കെണിയിൽ വീണിട്ടുണ്ട്. ഇത്തരത്തിൽ അടുപ്പത്തിലായ മലപ്പുറം സ്വദേശിനിയുമായി ഇയാൾ കഴിഞ്ഞ മാസം എറണാകുളം വടുതലയിൽ വാടകവീട്ടിൽ താമസം തുടങ്ങി. ഒരാഴ്ചയ്ക്കകം യുവതിയുടെ പണവും സ്വർണവുമായി മുങ്ങുകയായിരുന്നു. മലപ്പുറംകാരിയായ യുവതിയുമായി താമസിക്കുമ്പോഴും കോട്ടയം സ്വദേശിനിയും അംഗപരിമിതയുമായ യുവതിയുമായി വിവാഹം ഉറപ്പിച്ചിരുന്നു. ഇവരിൽ നിന്ന് 45,000 രൂപയും കൈക്കലാക്കി. വൈക്കം സ്വദേശിനിയായ മറ്റൊരു യുവതിയുമായി അടുപ്പം പുലർത്തിവരികയായിരുന്നു. ഇയാളുമായി പൊലീസ് കൊച്ചിയിലേക്ക് വരുമ്പോഴും കഴിഞ്ഞ ദിവസങ്ങളിലെ പരസ്യങ്ങൾ കണ്ട് നിരവധി യുവതികൾ മൊബൈൽ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു. മലപ്പുറം സ്വദേശിനിയോട് റഫീഖെന്നും വൈക്കം സ്വദേശിനിയോട് ജീവനെന്നും മറ്റുള്ളവരോട് ബിജുവെന്നുമാണ് പരിചയപ്പെടുത്തിയത്.

സിം കാർഡും തരപ്പെടുത്തും

അടുപ്പത്തിലായ സ്ത്രീകളുടെ പേരിലെടുത്ത സിം കാർഡ് നമ്പരാണ് പിന്നീട് പത്രത്തിൽ പരസ്യം നൽകാനും അടുത്ത ഇരയെ വിളിക്കാനും ഉപയോഗിക്കുക. അതിനാൽ സൈബർ സെല്ലിന്റെ സഹായത്തോടെ ബിജുവിനെ കണ്ടെത്താനുള്ള അന്വേഷണങ്ങൾ വിജയിച്ചില്ല. ഫേസ്ബുക്കിൽ നിന്ന് ഇയാളുമായി സാമ്യമുള്ളവരുടെ ഫോട്ടോയാണ് വാട്‌സ് ആപ്പിൽ പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചിരുന്നത്. 2008 മുതൽ വിവാഹതട്ടിപ്പു നടത്തുന്ന ബിജുവിനെതിരെ കുമ്പള, കണ്ണൂർ, ചൊക്ളി, കോഴിക്കാേട്, നടക്കാവ് സ്റ്റേഷനുകളിൽ കേസുണ്ട്. കിട്ടുന്ന പണം മുഴുവൻ ആഢംബരജീവിതത്തിന് ഉപയോഗിക്കുന്നതായിരുന്നു രീതി.അസി. കമ്മിഷണർ കെ.ലാൽജി, എസ്.ഐ. വിബിൻദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.