ന്യൂഡൽഹി: താൻ വലിയ സെറ്റപ്പിലാണെന്ന് ബന്ധുക്കളെ കാണിക്കാൻ മോഷ്ടിച്ച കാറുമായെത്തിയ യുവതിയെ പൊലീസ് പൊക്കി. സപ്‌ന എന്ന യുവതിയാണ് പിടിയിലായത്. ഡെറാഡൂണിലെ ടാക്സി ഡ്രെെവറുടെ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലായിരുന്നു അറസ്റ്റ്. വംശി എന്ന കൂട്ടുകാരനും പിടിയിലായിട്ടുണ്ട്. ഇവരെ സഹായിച്ച മറ്റു രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു.
2009ൽ വിവാഹിതയായ സപ്‌ന ഭർത്താവുമായി പിരിഞ്ഞ ശേഷം വംശിനൊപ്പം ഡൽഹിയിലായിരുന്നു താമസം. വംശിനൊപ്പം കഴിയുന്നതിൽ ബന്ധുക്കൾക്ക് എതിർപ്പായിരുന്നു. അതിനാൽ ബന്ധുക്കളുമായി അത്ര രസത്തിലായിരുന്നില്ല. തന്നെ മൈൻഡു ചെയ്യാത്ത ബന്ധുക്കളെ ഞെട്ടിക്കണമെന്ന് സപ്‌നയ്‌ക്ക് ആഗ്രഹമുണ്ടായിരുന്നു. മികച്ച സാമ്പത്തിക സ്ഥിതിയുണ്ടെന്ന് വരുത്തിത്തീർത്താൽ ബന്ധുക്കളെല്ലാം ബഹുമാനിക്കും എന്ന് വിചാരിച്ച സപ്‌ന കൂട്ടുകാരനുമായി ആലോചിച്ചാണ് മോഷണം നടത്തി കാർ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. അടിച്ചുമാറ്റിയ ആഡംബരക്കാറിലാണ് സപ്‌ന സഹോദരന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.ചടങ്ങുകഴിഞ്ഞ വീട്ടിലെത്തിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് കാർ ഉപേക്ഷിക്കുകയായിരുന്നു.
നമ്പർപ്ലേറ്റ് മാറ്റി ഉപയോഗിച്ചിരുന്ന കാർ ജി.പി.എസ് ഉപയോഗിച്ചാണ് പൊലീസ് കണ്ടെത്തിയത്.
ദീർഘദൂര ഓട്ടത്തിന് ആഡംബര കാറുകൾ വിളിച്ചശേഷം യാത്രയ്‌ക്കിടെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാർ തട്ടിയെടുക്കുന്നതായിരുന്നു രീതി. ഇതിനായി രഘുബീർ എന്നയാളുടെ കൈയിൽ നിന്ന് തോക്കും സഘടിപ്പിച്ചിരുന്നു.
ഒക്ടോബർ 4 നാണ് രണ്ടു യുവതികളും യുവാവുമടങ്ങുന്ന സംഘം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാർതട്ടിയെടുത്തെന്നായിരുന്നു ഡ്രെെവറുടെ പരാതി.