അഹമ്മദാബാദ്: വിജയം ആഘോഷിക്കുന്നത് ഓരോരുത്തരുംഓരോ രീതിയിലാണ്. അഹമ്മദാബാദിലെ കള്ളന്മാരുടെ വിജയാഘോഷമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ സൂപ്പർ ഹിറ്റ്. ഫ്‌ളാറ്റുകളിൽ നടത്തിയ മോഷണത്തിൽ ലക്ഷങ്ങൾ കൈയിൽ വന്നത് നൃത്തം ചെയ്താണ് കള്ളന്മാർ ആഘോഷിച്ചത്. അഞ്ചംഗ സംഘത്തിന്റെ നൃത്തം സി.സി. ടിവി കാമറയിൽ പതിയുകയായിരുന്നു. അഹമ്മദാബാദിന് സമീപത്തെ രണ്ട് ഫ്‌ളാറ്റുകളിലാണ് മോഷണം നടന്നത്.
ബ്ലാങ്കറ്റ് ധരിച്ച് മുഖവും മറച്ചെത്തിയ സംഘം വിലപിടിച്ചതെല്ലാം കവർന്നു. അപ്രതീക്ഷിതമായി വൻ കൊയ്ത്തു കിട്ടിയതോടെ സന്തോഷം അടക്കാനായില്ല. തലവന്റെ അനുഗ്രഹാശിസുകളോടെ കാമറയ്ക്കു മുന്നിലായിരുന്നു അടിപൊളി ഗാനത്തിനൊപ്പമുള്ള നൃത്തം. സിസിടിവി പരിശോധിച്ചപ്പോൾ ലഭിച്ച നൃത്തരംഗങ്ങൾ പൊലീസാണ് പുറത്തുവിട്ടത്.