തിരുവനന്തപുരം : ബ്രൂവറി, ഡിസ്റ്റിലറി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമത്തിലെ( 2018 ഭേദഗതി) സെക്ഷൻ 17 എ(1) പ്രകാരം അന്വേഷണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂന്നാമതും ഗവർണർക്ക് കത്ത് നൽകി. പ്രതിപക്ഷത്തിന്റ ശക്തമായ എതിർപ്പുയർന്നതോടെയും വലിയ അഴിമതിയാണ് ഇതിന്റെ പിന്നിൽ നടന്നതെന്ന് ജനങ്ങൾ മനസിലാക്കുകയും ചെയ്തപ്പോൾ മൂന്ന് ബ്രൂറിക്കും,ഡിസ്റ്റലറിക്കും നൽകിയ അനുമതി സർക്കാർ റദ്ദാക്കിയെങ്കിലും ഇരുവർക്കുമെതിരെ കേസ് എടുക്കാമെന്നാണ് അഴിമതി നിരോധന നിയമം പറയുന്നത്. അഴിമതി നിരോധന നിയമം സെക്ഷൻ 13 ലെ സബ് സെ്ക്ഷൻ 1 പ്രകാരം രണ്ട് വർഷത്തിൽ കുറയാത്ത തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. അതോടൊപ്പം ക്രിമിനൽ ഗൂഡാലോചനയ്ക്ക് 120 ബി പ്രകാരവും ഇവർക്ക് രണ്ടു പേർക്കുമെതിരെ കേസ് എടുക്കാം.
1999ലെ സർക്കാർ ഉത്തരവ് കാറ്റിൽ പറത്തിക്കൊണ്ടാണ് മൂന്ന് ബ്രൂവറിക്കും, ഒരു ഡിസ്റ്റലറിക്കും ഉള്ള അനുമതി സർക്കാർ നൽകിയത്. വളരെ രഹസ്യമായി സർക്കാരിന് വേണ്ടപ്പെട്ട നാല് പേരിൽ നിന്ന് മാത്രം അപേക്ഷകൾ എഴുതി വാങ്ങി അവർക്ക് ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിക്കുകയാണ് ചെയ്തത്. ശ്രീ ചക്ര ഡിസ്റ്റലറീസ്, പവർ ഇൻഫ്രാടെക്, അപ്പോളോ ഡിസ്റ്റലിറീസ്, ശ്രീധർ ബ്രൂവറീസ് എന്നിവയുടെ ഉടമകളുമായി മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും കുറ്റകരമായ ഗൂഢാലോചന നടത്തി. മാത്രമല്ല, കിൻഫ്രയുടെ പത്തേക്കർ ഭൂമി നൽകാനുള്ള തിരുമാനവും വലിയ ക്രമക്കേടിന്റെ ഫലമായിട്ടുണ്ടായതായിരുന്നു. അപേക്ഷ കിട്ടിയ ഉടൻ യാതൊരു അന്വേഷണവും നടത്താതെ ഭൂമി നൽകാൻ അധികാരമില്ലാത്ത ഉദ്യോഗസ്ഥൻ പവർ ഇൻഫ്രാടെകിന് ഭൂമി അനുവദിച്ച് നൽകുകയായിരുന്നുവെന്നും യാതൊരു സാമ്പത്തിക പശ്ചാത്തലവും ഇല്ലാത്ത ഈ രണ്ട് കമ്പനികളുടെ ഉടമകൾ ആര് എന്നതിനെക്കുറിച്ച് വലിയ ദുരൂഹത ഉണ്ടെന്നും രമേശ് ചെന്നിത്തല കത്തിൽ പറയുന്നു.