ചണ്ഡിഗഡ്: പരീക്ഷകളിൽ, ജോലിയിൽ ഒക്കെ ഉയർന്ന വിജയങ്ങൾ കരസ്ഥമാക്കുമ്പോൾ സ്വാഭാവികമായും എല്ലാവരും എന്താണ് ചെയ്യുക? മിഠായിയോ മധുരപലഹാരങ്ങളോ വാങ്ങിക്കൊടുക്കും. അല്ലെങ്കിൽ, സുഹൃത്തുക്കൾക്കായും ബന്ധുക്കൾക്കായുമൊക്കെ പാർട്ടി നടത്തും. പക്ഷേ, ഹരിയാനയിലെ ഒരു യുവാവ് താൻ ഏറ്റവും ആഗ്രഹിച്ച പൈലറ്റ് ജോലി നേടിയപ്പോൾ ചെയ്തത് ഇങ്ങനെയൊന്നുമല്ല.
തന്റെ നാട്ടിലെ 22ഓളം വരുന്ന മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും വിമാനയാത്രയ്ക്ക് കൊണ്ടുപോയാണ് ഹിസാർ ജില്ലയിലെ സരംഗ്പൂർ സ്വദേശിയായ വികാസ് ജ്യാനി എന്ന യുവാവ് ജോലികിട്ടിയതിനുള്ള തന്റെ \'പാർട്ടി\' നടത്തിയത്. ഗോൾഡൻ ടെമ്പിളും ജാലിയൻ വാലാബാഗ് സ്മാരകവും വാഗാ അതിർത്തിയും കണ്ട്, ന്യൂഡൽഹിയിൽ നിന്ന് അമൃത്സറിലേക്കായിരുന്നു യാത്ര. താൻ പൈലറ്റായാൽ, അവരെ വിമാനയാത്ര കൊണ്ടുപോകാമെന്ന വാഗ്ദാനം നിറവേറ്റുകമാത്രമല്ല, ശേഷിക്കുന്ന കാലം അവർ സന്തോഷമായിരിക്കണം എന്ന ആഗ്രഹംകൊണ്ടുകൂടിയാണ് വികാസ് ഇങ്ങനെയൊരു ഉദ്യമത്തിന് മുതിർന്നത്.
90 മുതൽ 72 വയസുവരെയുള്ളവരെയാണ് വികാസ് ആകാശയാത്രയ്ക്ക് കൂടെക്കൂട്ടിയത്. തങ്ങളുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവമെന്നാണ് യാത്രപോയവരുടെ ഏകപക്ഷീയമായ അഭിപ്രായം. പുതിയ അനുഭവങ്ങൾക്ക് പ്രായമാകുന്നേയില്ലെന്നാണ് വികാസിന്റെപക്ഷം. പ്രായമായവരെ വാഗ്ദാനങ്ങൾ കൊടുത്ത് പറ്റിക്കുന്നവർക്കിടയിലാണ് വികാസിന്റെ ഈ അപൂർവത മാതൃകയാകുന്നത്.