chattisgarh
രമൺ സിംഗ്,​ അജിത് ജോഗി,​ ബൂപേഷ് ബാഗൽ

ന്യൂഡൽഹി: പതിനഞ്ചു വർഷത്തെ ബി.ജെ.പി ഭരണത്തിനെതിരെ നഗരമേഖലകളിൽ ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും അത് മുതലെടുക്കാൻ കഴിയാതെ കുഴയുന്ന കോൺഗ്രസിനെയാണ് ഛത്തീസ്ഗഡിൽ കാണാനാവുക. മാവോയിസ്റ്റ് ബാധിത സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽഒരുരൂപയ്ക്ക്അരിയുംമികച്ചറോഡുകളും ഉറപ്പാക്കിയ രമൺസിംഗ് സർക്കാരിന് കാര്യങ്ങളത്ര പേടിക്കാനില്ല. 2013ൽ മാവോയിസ്റ്റ് ആക്രമണത്തിൽ പ്രധാന നേതാക്കളെ നഷ്ടപ്പെട്ട കോൺഗ്രസിൽ നിന്ന് മുൻമുഖ്യമന്ത്രി കൂടിയായ അജിത് ജോഗി പുറത്തുപോയതും കടുത്ത പ്രതിസന്ധിയായി. പൊതുതിരഞ്ഞെടുപ്പ് നേരിടും മുൻപ് ഒറ്റയ്ക്ക് തിരഞ്ഞെടുപ്പ് വിജയിക്കുക കോൺഗ്രസിന് അഭിമാന പ്രശ്നമാണ്. അതുകൊണ്ട് തന്നെ രാജസ്ഥാനും മദ്ധ്യപ്രദേശും പോലെ ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പും നിർണായകം. 2013ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 41.04 ശതമാനം വോട്ടാണ് ലഭിച്ചത്. കോൺഗ്രസിന് 40.29 ശതമാനം. നേരിയ വ്യത്യാസം മാത്രം.എന്നാൽ കണക്ക്കൂട്ടൽ പിഴച്ച്നിൽക്കുന്നകോൺഗ്രസാണ് ഛത്തീസ്ഗഡിൽ. നവംബർ 12, 20 തീയതികളിൽ രണ്ട് ഘട്ടമായാണ് മത്സരം.


അജിത് ജോഗി ബി.എസ്.പി സഖ്യം വന്നതോടെ ഛത്തീസ്ഗഡിൽ ശക്തമായ ത്രികോണ മത്സരമാണ്. മൂന്നു വട്ടമായി ഭരിക്കുന്ന ബി.ജെ.പിയെക്കാളേറെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനാണ് ഈ സഖ്യം വെല്ലുവിളിയുയർത്തുന്നത്. ഛത്തീസ്ഗഡിന്റെ നന്മയ്ക്ക് പ്രാദേശിക പാർട്ടിയാണ് വേണ്ടതെന്നു പറഞ്ഞാണ് ജോഗി ഛത്തീസ്ഗഡ് ജനതാ കോൺഗ്രസ് രൂപീകരിച്ചത്. കോൺഗ്രസ് സഖ്യം വേണ്ടെന്ന് വച്ച മായാവതിയുടെ ബി.എസ്.പി ജോഗിക്കൊപ്പം ചേർന്നതോടെ മത്സരം ശക്തമാവുകയാണ്. ഈ സഖ്യം പിടിക്കുന്നത് കോൺഗ്രസിന്റെ വോട്ടാകുമെന്നതും ശ്രദ്ധേയം. കർണാടകയിലെ ജെ.ഡി.എസിനെയും കുമാരസ്വാമിയെയും പോലെ ജോഗി കിംഗ് മേക്കറാവുമോയെന്ന് ഡിസം. 11ന് അറിയാം.

നേതാവ് രമൺ
2003 മുതൽ ബി.ജെ.പിയാണ് സംസ്ഥാനം ഭരിക്കുന്നത്. 15 വർഷം മുഖ്യമന്ത്രിയായ രമൺ സിംഗ് തന്നെയാണ് മുഖം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നേട്ടം പ്രചാരണ വിഷയം. ഖനനവും മാവോയിസ്റ്റ് പ്രശ്നങ്ങളും തകർത്ത ഗ്രാമീണ മേഖലയിൽ ഒരു രൂപയ്ക്ക് അരി ഉറപ്പാക്കിയത് വൻ നേട്ടം.അഴിമതിയാണ് രമൺസിംഗ് സർക്കാരിന്റെ മൂന്നാം ടേമിൽ പ്രധാനമായും ഉയർന്നത്. സിവിൽ സപ്ലൈസ് അഴിമതിയുൾപ്പെടെ ക്ഷേമ പദ്ധതികളിൽ വരെ ആരോപണം.

കോൺ. നേതൃത്വം
പി.സി.സി അദ്ധ്യക്ഷനായ ബുപേഷ് ബാഗലാണ് കോൺഗ്രസിന്റെ നേതൃത്വം. മദ്ധ്യപ്രദേശിൽ ദിഗ് വിജയ് സിംഗ് മന്ത്രിസഭയിലും ഛത്തീസ്ഗഡിലെ ആദ്യ അജിത് ജോഗി മന്ത്രിസഭയിലും മന്ത്രിയായിരുന്നു. സംസ്ഥാനം മുഴുവൻ അറിയപ്പെടുന്ന നേതാവില്ലാത്തതും ജനകീയാടിത്തറയുള്ള നേതാക്കളില്ലാത്തതും പ്രതിസന്ധി. സഖ്യങ്ങൾ കൃത്യസമയത്തുണ്ടാക്കുന്നതിലുള്ള പരാജയം കോൺഗ്രസിന് മറ്റൊരു തിരിച്ചടി.