തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കുമെന്ന മുൻ നിലപാട് മാറ്റി ദേവസ്വം ബോർഡ്. മുൻ വർഷത്തിൽ നിന്ന് വ്യത്യസ്ഥമായി സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഉണ്ടാകില്ലെന്നും നിലവിലെ സൗകര്യങ്ങളിൽ മുമ്പും സ്ത്രീകൾ ശബരിമലയിൽ വന്നിട്ടുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു. ഹെെക്കോടതിയുടെ നിർദ്ദേശം അനുസരിച്ചായിരിക്കും തുടർ നടപടികൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുലാമാസ പൂജയ്‌ക്ക് വനിതാ ജീവനക്കാരെ വിന്യസിക്കുന്നത് ആലോചനയിൽ ഇല്ലെന്നും പത്മകുമാർ വ്യക്തമാക്കി.
''പ്രായഭേദമന്യേ സ്ത്രീകൾ ശബരിമലയിൽ വരണമെന്ന വാശി ബോർഡിനില്ല. കോടതിയുടെ നിർദ്ദേശം അനുസരിച്ച് പരസ്പരം ആലോചിച്ചതിന് ശേഷം മാത്രമേ മുന്നോട്ട് പോവുകയുള്ളൂ. ശബരിമലയെ സംബന്ധിച്ച് തന്ത്രി സമൂഹം പിതൃസ്ഥാനീയരാണ്. ശബരിമലയിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാൽ പരിഹാരം കണ്ടെത്താൻ അവരും ബാദ്ധ്യസ്ഥരാണ്. ആരോടും ദേവസ്വം ബോർഡിന് വാശിയില്ല''- പത്മകുമാർ പറഞ്ഞു.