# മീ ടൂ കാമ്പെയിന്റെ പ്രതിഷേധ ജ്വാല ലോകമെമ്പാടും കത്തിപ്പടരുകയാണ്. തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക ചൂഷണങ്ങളെ അവൾ വിളിച്ചു പറഞ്ഞപ്പോൾ ലോകം തിരിച്ചറിഞ്ഞു, ഒളിച്ചിരിക്കേണ്ടത് ഇരകളല്ല. ആട്ടിൻതോലിട്ട ആ ചെന്നായ്ക്കളാണ്. കപടന്മാരുടെ മുഖംമൂടി പിച്ചിച്ചീന്തി അവരുടെ വികൃതമുഖം തുറന്നുകാട്ടാൻ ലോകമെങ്ങുമുള്ള വനിതകൾക്ക് കരുത്തുനൽകിയ വിപ്ലവമാണ് മീ ടൂ (ഞാനും ഇരയായി). 196 രാജ്യങ്ങളിൽ മീ ടൂ ചർച്ചയായി.
തുടക്കം
കഴിഞ്ഞവർഷം ഒക്ടോബർ 15ന് ആയിരുന്നു തുടക്കം. ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റെയ്‌ൻ തനിക്കുനേരെ നടത്തിയ ലൈംഗികാതിക്രമത്തെക്കുറിച്ച് നടി അലീസ മിലാനോ 2017 ഒക്ടോബർ 15ന് ട്വീറ്റ് ചെയ്തു. ഇത്തരത്തിൽ ലൈംഗികാതിക്രമങ്ങൾ അതിജീവിച്ചവരോട് സ്റ്റാറ്റസ് അപ്‌ഡേറ്റ് ആയി # മീ ടൂ നൽകാനും അവർ ആഹ്വാനം ചെയ്തു. തുടർന്ന് 47 ലക്ഷം പേർ ഈ ഹാഷ്‌ടാഗ് ഉപയോഗിച്ച് ഒരുകോടിയിലേറെ പോസ്റ്റുകളിട്ടു. അധികം വൈകാതെ ഹോളിവുഡ് അടക്കിവാണ ഹാർവി അടിതെറ്റി വീണു.
മീ ടൂ
യു.എസിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയായ തരാന ബർക് 2006ൽ ആദ്യമായി അവതരിപ്പിച്ച പ്രയോഗമാണ് മീ ടൂ. ‘താൻ ലൈംഗികാതിക്രമത്തിന് ഇരയായി എന്ന് ഒരു 13 വയസുകാരി പറഞ്ഞപ്പോൾ ഉത്തരംമുട്ടിപ്പോയെന്നും താൻ അന്ന് മീ ടൂ" എന്ന് അവളോട് പറഞ്ഞെന്നും ബർക് പറയുന്നു.
2017 ൽ 'മീ ടൂ' കാമ്പെയിനെ പേഴ്‌സൺ ഒഫ് ദ ഇയറായി ടൈംസ് മാസിക തിരഞ്ഞെടുത്തു. 'നിശബ്ദത ഭേദിച്ചവർ' എന്നാണ് മീ ടൂ കാമ്പെയിനിൽ തുറന്നു പറച്ചിൽ നടത്തിയവരെ ടൈംസ് എഡിറ്റർ ഇൻ ചീഫ് എഡ്വേഡ് ഫെൽസെന്താൽ വിശേഷിപ്പിച്ചത്.
റഷ്യ, ചൈന, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ് മീ ടൂ വലിയ സ്വാധീനം നേടാതെ പോയത്. ഇതിനിടെ, മീ ടൂ എന്നതിൽനിന്ന് യൂ ടൂ (നീയും അക്രമിയാണ്) എന്ന നിലയിലേക്ക് ഈ വിപ്ലവം മാറാൻ സമയമായി എന്ന അഭിപ്രായവും ഉയരുന്നു.