തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ ആർ.എസ്.എസ്. രഹസ്യഅജണ്ട നടപ്പാക്കാൻ സഹായിക്കുന്ന നിലപാടാണ് സി.പി. എമ്മിനെന്ന് കെ.പി.സി.സി പ്രചരണ സമിതി അദ്ധ്യക്ഷൻ കെ.മുരളീധരൻ എം.എൽ.എ പറഞ്ഞു. ശബരിമല വിധിയുടെ മറവിൽ മറ്റ്മതങ്ങളുടെ ആചാരങ്ങളെ ഇല്ലാതാക്കി ഇവിടെ ഏക സിവിൽകോഡ് കൊണ്ടുവരികയാണവരുടെ ലക്ഷ്യം. അതേ പാതയിലാണ് സുന്നി പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയുന്ന കോടിയേരിയും. ചെന്നിത്തല ആർ. എസ്. എസിന്റെ മൈക്കാണെന്ന സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചെന്നിത്തല പറഞ്ഞത് കോൺഗ്രസ് നിലപാടാണ്.പ്രതിപക്ഷ നേതാവിനെ ഒറ്റപ്പെടുത്താനുള്ള നീക്കം വിലപ്പോകില്ല. ശബരിമല പ്രശ്നത്തിൽ വിശ്വാസികൾക്കൊപ്പം നിൽക്കുകയെന്നത് കോൺഗ്രസ് യോഗത്തിൽ ആലോചിച്ചെടുത്ത തീരുമാനമാണ്. ശബരിമല മതേതര കാഴ്ചപ്പാടുള്ള ക്ഷേത്രമാണെന്നാണ് കോൺഗ്രസ് നിലപാട്. അവിടെ സ്ത്രീകളോടും മറ്റ് മത, ജാതി വിഭാഗങ്ങളോടും വിവേചനമില്ല. മുൻ സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതും ഇത്തരത്തിലുള്ളതായിരുന്നു. എന്നാൽ ഇൗ സത്യവാങ്മൂലം തിരുത്തിയ ഇടതുസർക്കാർ നടപടിയാണ് ഇപ്പോഴത്തെ സുപ്രീം കോടതിവിധിക്കിടയാക്കിയത്. അതുകൊണ്ടാണ് റിവ്യൂ ഹർജി നൽകാൻ സർക്കാർ മടിക്കുന്നതും ദേവസ്വംബോർഡിനെ അതിന് അനുവദിക്കാത്തതും. വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി നവോത്ഥാനകാലത്തെ കുറിച്ചെല്ലാം വാചാലനാകുന്നത്. നവോത്ഥാനകാലത്തെ കുറിച്ച് പറയാൻ കമ്മ്യൂണിസ്റ്റുകാർക്ക് അവകാശമില്ല. അവർ പ്രവർത്തനം തുടങ്ങുന്നതിന് മുമ്പേ കോൺഗ്രസ് നടത്തിയ പ്രക്ഷോഭങ്ങളാണതെല്ലാം. അന്ന് അനാചാരങ്ങൾക്കെതിരായിരുന്നു സമരങ്ങൾ. ഇന്ന് ഇടതുസർക്കാർ നടത്തുന്നത് ആചാരങ്ങൾക്കെതിരായ സമരമാണ്. ശബരിമല പ്രശ്നത്തിൽ ബി.ജെ.പി.ക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ വിധിയെ മറികടക്കാൻ കേന്ദ്രം ഒാർഡിനൻസ് കൊണ്ടുവരികയാണ് വേണ്ടത്. എൻ. ഡി. എയുടെ ശബരിമല സംരക്ഷണ മാർച്ച് ഡൽഹിക്കാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.