me-too-campaign

കൊളംബോ: മീ ടൂ കാമ്പെയിന്റെ പ്രതിഷേധ ജ്വാല ലോകമെമ്പാടും കത്തിപ്പടരുകയാണ്. തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക ചൂഷണങ്ങളെ അവൾ വിളിച്ചു പറഞ്ഞപ്പോൾ പല വൻ വൃക്ഷങ്ങളും കടപുഴകി വീഴുകയായിരുന്നു. ഏറ്റവുമൊടുവിൽ ശ്രീലങ്കൻ മുൻ ക്രിക്കറ്റ് ടീം നായകനും പെട്രോളിയം മന്ത്രിയുമായി അർജുന രണതുംഗ തന്നെ ലെെംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തി ഒരു വിമാനത്തിലെ ജീവനക്കാരി രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താൻ നേരിട്ട പീഡനങ്ങൾ വിവരിച്ച് യുവതി രംഗത്തെത്തിയത്. ശ്രീലങ്കയുടെ ഇന്ത്യൻ പര്യടന വേളയിൽ ഹോട്ടലിൽ വച്ച് രണതുംഗ തന്റെ അരയിൽ കടന്ന് പിടിക്കുകയായിരുന്നുവെന്ന് യുവതി ഫേസ്ബുക്കിൽ കുറിച്ചു. രണതുംഗയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് സഹായത്തിനായി ഹോട്ടൽ റിസപ്ഷനിൽ എത്തിയെങ്കിലും ഇത് നിങ്ങളുടെ സ്വകാര്യ കാര്യമാണെന്ന് പറഞ്ഞ് ഹോട്ടൽ ജീവനക്കാർ ഒഴിവാക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

1996 ലോകകപ്പിൽ ശ്രീലങ്കയ്‌ക്ക് കിരീടം നേടിക്കൊടുത്ത ക്യാപ്‌റ്റനാണ് രണതുംഗ. 93 ടെസ്റ്റിൽ നിന്ന് 5105 റൺസും 269 ഏകദിനങ്ങളിൽ നിന്ന് 7456 റൺസും നേടിയ രണതുംഗ ശ്രീലങ്കൻ ക്രിക്കറ്റിലെ മികച്ച താരങ്ങളിൽ ഒരാളാണ്. ശ്രീലങ്ക ഫ്രീഡം പാർട്ടിയിലൂടെ രാഷ്ട്രീയത്തിൽ ഇറങ്ങിയ 54കാരനായ രണതുംഗ പിന്നീട് ഡെമോക്രാറ്റിക് നാഷണൽ അലയൻസിൽ ചേരുകയായിരുന്നു.