mj-akbar

ന്യൂഡൽഹി: ലൈംഗിക അതിക്രമത്തിനെതിരെ വനിതകൾ പ്രതികരിക്കുന്ന \'മീ ടൂ\' പ്രചാരണത്തിൽ കുടുങ്ങിയ വിദേശകാര്യ സഹമന്ത്രിയും രാജ്യസഭാംഗവുമായ എം.ജെ. അക്‌ബറിനെതിരെ വെളിപ്പെടുത്തലുമായി മറ്റൊരു മാദ്ധ്യമ പ്രവർത്തക കൂടി രംഗത്തെത്തി. ടെലഗ്രാഫ്, ഏഷ്യൻ എയ്‌ജ് തുടങ്ങിയ പത്രങ്ങളുടെ മുൻ എഡിറ്റർ ആയ എം.ജെ. അക്‌ബറിനെതിരെ പ്രമുഖ മാദ്ധ്യമ പ്രവർത്തക പ്രിയാരമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്. അതിന് പിന്നാലെയാണ് മറ്റൊരു മാദ്ധ്യമ പ്രവർത്തക കൂടി ആരോപണവുമായി രംഗത്തെത്തിയത്. അക്ബർ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.

പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മാദ്ധ്യമ പ്രവർത്തക പറയുന്നത് ഇങ്ങനെ:
1994ൽ ഞാൻ ടൈംസ് ഒഫ് ഇന്ത്യ മാഗസിന് വേണ്ടി ഫ്രീലാൻസറായി ജോലി നോക്കുകയായിരുന്നു. അതിനൊപ്പം യു.ജി.സി ഫെലോഷിപ്പും ചെയ്യുന്നുണ്ടായിരുന്നു. ഡോക്ടറേറ്റ് നേടിയ ശേഷം കൊൽക്കത്തയിൽ ഭർത്താവിനൊപ്പമായി താമസം. പിന്നീട് ഒരു ജോലി അന്വേഷിച്ച് വരികയായിരുന്നു. അപ്പോഴാണ് ഏഷ്യൻ ഏയ്ജിൽ നിന്ന് അഭിമുഖത്തിന് ക്ഷണം ലഭിച്ചത്. എഡിറ്ററെ കാണാനായിരുന്നു നിർദ്ദേശം. എന്നാൽ അഭിമുഖം ഓഫീസിൽ വച്ചായിരുന്നില്ല. മറിച്ച് ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു. എഡിറ്റർ വളരെ തിരക്കുള്ള ആളാണെന്നും ഈ അഭിമുഖത്തിന് വേണ്ടി മാത്രമായി വരുന്നതാണെന്നും അവർ എന്നോട് പറഞ്ഞു. ഹോട്ടലിലെത്തിയ കാര്യം അറിയിച്ചപ്പോൾ അകത്തേക്ക് വരാൻ പറഞ്ഞു. മുറിയിലെത്തുന്പോൾ എം.ജെ.അക്ബറിനെ കണ്ടു. ബൂട്ടുകൾ ധരിച്ച അദ്ദേഹം കിടക്കയിൽ കിടക്കുയായിരുന്നു. ഞാൻ സ്വയം പരിചയപ്പെടുത്തിയ ശേഷം ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. എന്നാൽ അടുത്തിടപഴകാൻ അദ്ദേഹം ശ്രമിച്ചു. എതിർത്തപ്പോൾ രോഷാകുലനായ അക്ബർ മറുപടി അറിയിക്കാമെന്ന് പറഞ്ഞു. എന്നാൽ ആ ജോലി എനിക്ക് കിട്ടിയില്ല.

പത്രത്തിൽ ജോലിക്കായി വർഷങ്ങൾക്കു മുമ്പ് മുംബയിലെ ഹോട്ടലിൽ അഭിമുഖത്തിനായി വിളിപ്പിച്ച എഡിറ്റർ മോശമായി പെരുമാറിയെന്ന് 2017 ഒക്‌ടോബറിൽ പ്രസിദ്ധീകരിച്ച \'എന്റെ പുരുഷ മേധാവികൾ\' എന്ന ലേഖനത്തിൽ പ്രിയാരമണി വിവരിച്ചിരുന്നു.

അതേസമയം,​ വിദേശത്തുള്ള എം.ജെ.അക്ബർ ആരോപണങ്ങളെ കുറിച്ച് പ്രതികരിച്ചിട്ടില്ല. കേന്ദ്ര സർക്കാരും മൗനം പാലിക്കുകയാണ്. പ്രതികരണം ആവശ്യപ്പെട്ട് ചില മാദ്ധ്യമ പ്രവർത്തകർ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ സമീപിച്ചെങ്കിലും അവർ മൗനം പാലിച്ചു. എന്നാൽ ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം നിർണായകമാകും.

അക്ബർ രാജിവയ്ക്കണമെന്ന് കോൺഗ്രസ്
അതേസമയം,​ അക്ബർ രാജിവയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഗുരുതരമായ ആരോപണമാണ് അക്ബറിനെതിരെ ഉയർന്നിരിക്കുന്നതെന്നും ഇക്കാര്യത്തിൽ തൃപ്തികരമായ വിശദീകരണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും കോൺഗ്രസ് നേതാവ് ജയ്‌പാൽ റെഡ്ഡി പറഞ്ഞു.

അതിനിടെ അ​ക്​​ബ​റിനെതിരെ അന്വേഷണം വേണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി ​മേനക ഗാന്ധി ആവശ്യപ്പെട്ടത് കേന്ദ്രത്തെ പ്രതിരോധത്തിലാക്കി.

‘വിഷയത്തിൽ അന്വേഷണം ആവശ്യമാണ്​. അധികാരമുള്ള പുരുഷൻമാർ പലപ്പോഴും സ്​ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നു. മാദ്ധ്യമ, രാഷ്​ട്രീയ, കമ്പനി രംഗത്തും മറ്റെല്ലായിടത്തും ഇൗ പീഡനം നിലനിൽക്കുന്നു. ഇപ്പോൾ സ്​ത്രീകൾ അത്​ തുറന്നു പറയാൻ തയാറായിട്ടുണ്ട്​. നാം അത്​ ഗൗരവമായി എടുക്കണം’ - മേനക പറഞ്ഞു.